പ്രോടെം സ്പീക്കര്‍ വിളിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാതെ കൊടിക്കുന്നില്‍ സുരേഷ്; പ്രതിപക്ഷ ബഹളത്തോടെ പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം

 പ്രോടെം സ്പീക്കര്‍ വിളിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാതെ കൊടിക്കുന്നില്‍ സുരേഷ്; പ്രതിപക്ഷ ബഹളത്തോടെ പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തോടെ പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. പ്രോടെം സ്പീക്കറായി ചുമതലയേറ്റ ഭര്‍തൃഹരി മെഹ്താബ് 11 ഓടെ സഭയിലെത്തി നടപടികള്‍ ആരംഭിച്ചു. തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോടെം സ്പീക്കറെ സഹായിക്കുന്നവരുടെ പാനല്‍ വായിച്ചപ്പോഴേക്കും പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവച്ചു തുടങ്ങിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി രാജ് നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ പ്രോടെം സ്പീക്കര്‍ വിളിച്ചിട്ടും കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്തില്ല. പ്രതിപക്ഷ എംപിമാരെ നോക്കി പ്രധാനമന്ത്രി കൈകൂപ്പുകയും പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞയ്ക്കിടെ 'നീറ്റ്...നീറ്റ്' എന്ന് വിളിച്ച് പ്രതിപക്ഷം ബഹളംവച്ചു.

വയനാട് മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജി സ്വീകരിച്ചതായി പ്രോടെം സ്പീക്കര്‍ അറിയിച്ചു. ഭരണഘടനയുടെ ചെറുപതിപ്പുമായാണ് പ്രതിപക്ഷ എംപിമാര്‍ ലോക്‌സഭയില്‍ എത്തിയത്. പ്രധാനമന്ത്രിക്ക് ശേഷം മറ്റു കേന്ദ്ര മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ പൂര്‍ത്തിയായ ശേഷമായിരിക്കും സംസ്ഥാനങ്ങള്‍ അനുസരിച്ച് എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നാലിന് ആരംഭിക്കും. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ ഇന്നും നാളെയുമായി എംപിമാരുടെ സത്യപ്രതിജ്ഞയായിരിക്കും നടക്കുക.

അതേസമയം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്ര ദിനമാണ് ഇതെന്ന് എംപിമാരെ പാര്‍ലമെന്റ് സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം തവണ അധികാരത്തിലെത്തുന്നത് 60 വര്‍ഷത്തിന് ശേഷമാണ്. രാജ്യത്തെ നയിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും പുതിയ ലക്ഷ്യത്തോടെ മുന്നോട്ടുപോകാനാകട്ടെ എന്നും മോഡി പ്രത്യാശ പ്രകടിപ്പിച്ചു.

അടിയന്തരാവസ്ഥ കാലത്തെയും മോഡി കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥ ജനാധിപത്യത്തിനുമേല്‍ വീണ കളങ്കമെന്നായിരുന്നു മോഡിയുടെ ആരോപണം. ജൂണ്‍ 25 ന് ജനാധിപത്യത്തിന് മുകളില്‍ വീണ കളങ്കത്തിന് 50 വര്‍ഷം തികയുകയാണ്. ഇന്ത്യന്‍ ഭരണഘടന പൂര്‍ണമായും നിരസിക്കപ്പെട്ടതും ഓരോ ഭാഗവും കീറിമുറിക്കപ്പെട്ടതുമായ ആ കാലം പുതുതലമുറ ഒരിക്കലും മറക്കില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.