മഴ കനക്കുന്നു: ഏഴ് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്, അഞ്ചിടത്ത് യെല്ലോ; പെരിങ്ങല്‍ക്കുത്ത് ഡാമില്‍ റെഡ് അലര്‍ട്ട്

മഴ കനക്കുന്നു: ഏഴ് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്, അഞ്ചിടത്ത് യെല്ലോ; പെരിങ്ങല്‍ക്കുത്ത് ഡാമില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമായ മഴ കണക്കിലെടുത്ത് ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തൃശൂര്‍ പെരിങ്ങല്‍ക്കുത്ത്  ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാം തുറക്കുന്നതിനാല്‍, ചാലക്കുടി പുഴയുടെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച വയനാട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകളും കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ നാളെ ഉച്ചക്ക് രണ്ടര വരെ 2.9 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് പലയിടത്തും മഴയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഇതിനെ നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി റവന്യൂ മന്ത്രി കെ.രാജന്‍ ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

മംഗളൂരുവിനടുത്ത് ഉള്ളാള്‍ മദനി നഗറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാല് പേര്‍ മരിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. റിഹാന മന്‍സിലില്‍ യാസിര്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന്‍ (17), റിഹാന (11) എന്നിവരാണ് മരിച്ചത്.

വടകര മൂരാട് പാലത്തിന് സമീപം വ്യാപക മണ്ണിടിച്ചിലുണ്ടായി. വൈദ്യുതി പോസറ്റുകളടക്കം നിലംപതിച്ചു. 15 മീറ്ററോളം ഉയരത്തില്‍ നിന്നാണ് ദേശീയ പാതയിലേക്ക് മണ്ണിടിഞ്ഞ് വീണത്. രണ്ട് സ്ഥലങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സമീപത്ത് പലയിടങ്ങളിലും മണ്ണ് ഇളകിയിരിക്കുകയാണ്.

മണ്ണിടിഞ്ഞതിന് തൊട്ടുമുകളിലെ ഒരു വീട് അപകടാവസ്ഥയിലാണ്. മഴ കുറയാത്ത സാഹചര്യത്തില്‍ സ്ഥലത്ത് നിന്ന് മണ്ണ് വീഴാതിരിക്കാനുള്ള മാര്‍ഗം അധികൃതര്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ ആപത്ത് ഉണ്ടാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

മൂന്നാര്‍ ദേവികുളം കോളനിയില്‍ വീടിന് മുകളിലേക്ക് കരിങ്കല്‍ കെട്ട് ഇടിഞ്ഞ് വീണ് അപകടമുണ്ടായി. വില്‍സന്‍ എന്ന ആളുടെ വീടിന് മുകളിലേക്കാണ് കരിങ്കല്ലുകള്‍ പതിച്ചത്. വില്‍സനും ഭാര്യയും രണ്ട് കുട്ടികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എറണാകുളം പൂതൃകയില്‍ മണ്ണിടിഞ്ഞ് വീട്ടിലേക്ക് വീണു. പൂതൃക സ്വദേശി ഷിബുവിന്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.

പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമണ്‍ ക്രോസ്വേ വെള്ളത്തില്‍ മുങ്ങി. 400 ഓളം കുടുംബങ്ങള്‍ക്ക് മറുകരയിലെത്താനുള്ള ഏക മാര്‍ഗമാണിത്. പമ്പയിലെയും അച്ചന്‍കോവിലാറിലെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

ഇടുക്കി ഏലപ്പാറ ബോണാമിയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണതിനെ തുടര്‍ന്ന് വീട് ഭാഗികമായി തകര്‍ന്നു. പുതുവല്‍ സ്വദ്ദേശി കെ.പി ചുപ്പയ്യയുടെ വീടിന് മുകളിലാണ് മരം വീണത്. വീടിനുള്ളിലുണ്ടായിരുന്ന ചുപ്പയ്യയും ഭാര്യയും മകനും പരിക്ക് ഏല്‍ക്കാതെ രക്ഷപെട്ടു.

അമ്പലപ്പുഴയില്‍ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് മാതാവിനും നാല് വയസുള്ള കുട്ടിക്കും പരിക്കേറ്റു. കാക്കാഴം കിഴക്ക് പുത്തന്‍ ചിറയില്‍ ഉസ്മാന്റെ വീടാണ് തകര്‍ന്നത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.