നീറ്റ് ക്രമക്കേട്: സംസ്ഥാനം ഒറ്റക്കെട്ടായി നിയമസഭയില്‍ പ്രമേയം പാസാക്കി

നീറ്റ് ക്രമക്കേട്: സംസ്ഥാനം ഒറ്റക്കെട്ടായി നിയമസഭയില്‍ പ്രമേയം പാസാക്കി

തിരുവനന്തപുരം: നീറ്റ് ഉള്‍പ്പെടെ ദേശീയ പൊതുപ്രവേശന പരീക്ഷകളുടെ വിശ്വാസ്യത ചോര്‍ച്ചക്കെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നിയമസഭയില്‍ പ്രമേയം പാസാക്കി.

കേരളത്തില്‍ പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയും രക്ഷാകര്‍ത്താക്കളെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടപടികളെയും അതിനെ പിന്തുണക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെയും ശക്തമായി അപലപിക്കുന്നതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

മെഡിക്കല്‍ പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാര്‍ഥികളുടെ ഭീതിയും ഉത്കണ്ഠയും ദൂരീകരിക്കുന്നതിന് അടിയന്തരവും വിശ്വാസ യോഗ്യവുമായ നടപടികള്‍ സ്വീകരിക്കണമെന്നും സഭ ആവശ്യപ്പെട്ടു.

എം. വിജിന്‍ അവതരിപ്പിച്ച ഉപക്ഷേപത്തിന് മറുപടി പറഞ്ഞുകൊണ്ടാണ് മന്ത്രി പ്രമേയം അവതരിപ്പിച്ചത്. നീറ്റ് പരീക്ഷ നടത്തിപ്പിലൂടെ കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് വന്‍കുംഭകോണമാണ് നടത്തിയതെന്ന് വിജിന്‍ ആരോപിച്ചു. സച്ചിന്‍ദേവ്, സജീവ് ജോസഫ്, ഇ. ചന്ദ്രശേഖരന്‍, ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, ഡോ. സുജിത് വിജയന്‍പിള്ള, മോന്‍സ് ജോസഫ്, യു. പ്രതിഭ, എം.കെ മുനീര്‍, കെ.വി സുമേഷ് എന്നിവര്‍ സംസാരിച്ചു.

അതേസമയം സംസ്ഥാനത്ത് 2008ല്‍ നടന്ന യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ്, 2018 ലെ പി.എസ്.സി പരീക്ഷ തട്ടിപ്പുകളില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു എന്നകാര്യം ആലോചിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടിയത് ബഹളത്തിനിടയാക്കി. ഇതിനെതിരെ ഭരണപക്ഷ ബെഞ്ചുകളില്‍ നിന്ന് ബഹളം ഉയര്‍ന്നതോടെ വിഷയത്തില്‍ നിന്ന് വ്യതിചലിക്കുന്നതായി സ്പീക്കറും കുഴല്‍നാടനെ വിമര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.