ദുരിത പെയ്ത്ത്: ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കുമരകത്ത് ശക്തമായ കാറ്റില്‍ നിയന്ത്രണം തെറ്റി വാഹനങ്ങള്‍

ദുരിത പെയ്ത്ത്: ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കുമരകത്ത് ശക്തമായ കാറ്റില്‍ നിയന്ത്രണം തെറ്റി വാഹനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്ടിലും കണ്ണൂരിലും ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം മുതല്‍ വടക്കോട്ടുളള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, കോട്ടയം, വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലും ആലപ്പുഴയില്‍ ചേര്‍ത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഇടുക്കി, വയനാട്, കോട്ടയം ജില്ലകളില്‍ വിനോദസഞ്ചാരത്തിനും കേരളാ തീരത്ത് മത്സ്യബന്ധനത്തിനും പൂര്‍ണമായും വിലക്കേര്‍പ്പെടുത്തി.
കനത്ത മഴ തുടരുന്നതിനിടെ കോട്ടയം ജില്ലയില്‍ ശക്തമായ കാറ്റില്‍ വ്യാപക നാശനനഷ്ടം. പരസ്യ ബോര്‍ഡുകള്‍ മറിഞ്ഞുവീണ് വീടുകളുടെയും സ്ഥാപനങ്ങളുടെയും ഷീറ്റ് മേല്‍ക്കൂര, വാട്ടര്‍ ടാങ്ക് അടക്കം നിലംപൊത്തി. ശക്തമായ കാറ്റില്‍ ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും അപകടത്തില്‍പ്പെട്ടു.

ഇന്നലെ വൈകുന്നേരം ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റാണ് പ്രദേശത്ത് ഉണ്ടായത്. ഇതേത്തുടര്‍ന്ന് കുമരകം ഒന്നാം കലുങ്കിനും രണ്ടാം കലുങ്കിനും ഇടയിലുള്ള റോഡില്‍ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ നിയന്ത്രണം തെറ്റി. ഓട്ടോറിക്ഷ റോഡരികിലെ പാടത്തേക്ക് മറിഞ്ഞു. എതിരേ വരുകയായിരുന്ന ബൈക്കും കാറ്റില്‍ ദിശ തെറ്റി മറിഞ്ഞിരുന്നു.

അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടാം കലുങ്കിന് സമീപം റെജിയുടെ വീടിന് മുകളിലേക്ക് പരസ്യ ബോര്‍ഡ് വീണ് നാശനഷ്ടം ഉണ്ടായി. കൃഷി ആവശ്യങ്ങള്‍ക്കായുള്ള നെല്‍വിത്തും കക്കയും ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഷെഡിന്റെ മേല്‍ക്കൂര ഷീറ്റും തകര്‍ന്നു. കൂടാതെ 60 ഓളം ഏത്തവാഴ ഉള്‍പ്പെടെയുള്ള കൃഷിയും നശിച്ചു. നാശനഷ്ടങ്ങള്‍ പൂര്‍ണമായും വിലയിരുത്തിയിട്ടില്ല.

ഇന്നലെ അര്‍ധ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി പെയ്ത കനത്ത മഴയില്‍ കാസര്‍കോട് ജില്ലയില്‍ മഴക്കെടുതി രൂക്ഷമായിരിക്കുകയാണ്. ജില്ലയുടെ വിവിധ മേഖലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ദേശീയ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കനത്ത മഴയിലും കാറ്റിലും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് ദിവസം റവന്യു ഉദ്യോഗസ്ഥര്‍ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് മന്ത്രി കെ.രാജന്‍ നിര്‍ദേശിച്ചു. അവധി എടുത്തിട്ടുള്ളവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി വീതം ജില്ലകള്‍ക്ക് കൈമാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.