ന്യൂഡല്‍ഹി: നാളെ മുതല്‍ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വരും. 164 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), ഇന്ത്യന്‍ തെളിവ് നിയമം എന്നിവ ഇതോടെ ചരിത്രത്തിന്റെ ഭാഗമാകും.
ഐപിസിക്ക് പകരമായി ഭാരതീയ ന്യായ സംഹിതയും (ബിഎന്‍എസ്) സിആര്‍പിസിക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും (ബിഎന്‍എസ്എസ്), ഇന്ത്യന്‍ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബിഎസ്എ) നിലവില്‍ വരും.
ഇന്ന് അര്‍ധരാത്രിക്ക് ശേഷമുള്ള പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതും പുതിയ നിയമ വ്യവസ്ഥ പ്രകാരമായിരിക്കും. അതിന് മുന്‍പുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമ പ്രകാരമായിരിക്കും നടപടി. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂര്‍ത്തിയാക്കേണ്ടത് നിലവിലുള്ള നിയമ പ്രകാരം തന്നെയായിരിക്കും.
സീറോ എഫ്‌ഐആര്‍, പൊലീസ് പരാതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യല്‍, ഇലക്ട്രോണിക് സമന്‍സ്, ഗുരുതര കുറ്റകൃത്യങ്ങളുടെ വിഡിയോ ചിത്രീകരണം തുടങ്ങിയവ പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങളാണ്. ഐപിസിക്ക് പകരമെത്തുന്ന ഭാരതിയ ന്യായ് സന്‍ഹിത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വലിയ പ്രധാന്യം നല്‍കുന്നു.
വഞ്ചനയിലൂടെയോ വിവാഹ വാഗ്ദാനത്തിലൂടെയോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് സെക്ഷന്‍ 69 പ്രകാരം കടുത്ത ശിക്ഷ ലഭിക്കും. സെക്ഷന്‍ 150 ന് കീഴില്‍ വരുന്ന രാജ്യദ്രോഹക്കുറ്റം കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടും.
ഒരാളുടെ അശ്രദ്ധ മൂലം മറ്റൊരാള്‍ മരണപ്പെട്ടാല്‍ സെക്ഷന്‍ 106 പ്രകാരം അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. ആള്‍ക്കുട്ട കൊലപാതകത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷയും പുതിയ നിയമം വിഭാവനം ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12 നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. പിന്നീട് ഡിസംബര്‍ 13 ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബര്‍ 25 ന് രാഷ്ട്രപതി അംഗീകാരം നല്‍കി.
അതേസമയം പ്രതിപക്ഷത്ത് നിന്നുള്ള വലിയൊരു വിഭാഗം അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതിനാല്‍ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയോ ഫലപ്രദമായ ചര്‍ച്ചയോ ഇല്ലാതെയാണ് മൂന്ന് നിയമങ്ങളും പാസാക്കിയത്. അതിനാല്‍ തന്നെ പുതിയ നിയമം നടപ്പാക്കുന്നതില്‍ നിരവധി വിമര്‍ശനങ്ങളും ഉണ്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.