'ഭരണഘടനയെ അപമാനിച്ച മന്ത്രി പത്താം ക്ലാസുകാരുടെ നിലവാരം അളക്കേണ്ട': സജി ചെറിയാന്‍ മാപ്പു പറയണമെന്ന് കെ.എസ്.യു

 'ഭരണഘടനയെ അപമാനിച്ച മന്ത്രി പത്താം ക്ലാസുകാരുടെ നിലവാരം അളക്കേണ്ട': സജി ചെറിയാന്‍ മാപ്പു പറയണമെന്ന്  കെ.എസ്.യു

തിരുവനന്തപുരം: എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു. ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്‍ തല്‍ക്കാലം പത്താം ക്ലാസില്‍ വിജയിച്ച വിദ്യാര്‍ഥികളുടെ നിലവാരം അളക്കാന്‍ പാടുപെടേണ്ടതില്ലെന്ന് കെ.എസ്.യു പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തെ പരിഹസിക്കുന്ന പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നു കെ.എസ്.യു ആവശ്യപ്പെട്ടു. പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലന്നും എല്ലാവരെയും ജയിപ്പിച്ചു വിടുന്നുവെന്നുമുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവന കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തെ പരിഹസിക്കുന്നതിന് തുല്യമാണ്.

ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്‍ തല്‍ക്കാലം പത്താം ക്ലാസില്‍ വിജയിച്ച വിദ്യാര്‍ഥികളുടെ നിലവാരം അളക്കാന്‍ പാടുപെടേണ്ടതില്ല. അങ്ങനെ എന്തെങ്കിലും സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദി സജി ചെറിയാനും വി. ശിവന്‍കുട്ടിയും ഉള്‍പ്പെട്ട സംസ്ഥാന സര്‍ക്കാരാണെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ഥികളെ പെരുവഴിയില്‍ നിര്‍ത്താതെ ആദ്യം തുടര്‍ പഠനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ ശ്രദ്ധ നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുയായിരുന്നു സജി ചെറിയാന്‍. ജയിച്ചവരില്‍ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല. പണ്ടൊക്കെ എസ്എസ്എല്‍സിക്ക് 210 മാര്‍ക്ക് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും എസ്.എസ്.എല്‍.സി തോറ്റാല്‍ സര്‍ക്കാറിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിനിറങ്ങും. അതുകൊണ്ടു തന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സര്‍ക്കാരെന്നുമാണ് സജി ചെറിയാന്‍ ആരോപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.