കല പിണങ്ങി പോയത് കൊച്ചിയിലെ തുണിക്കടയില്‍ ജോലിക്ക്: കൊലപ്പെടുത്തിയത് കാറില്‍വച്ച്; മാന്നാര്‍ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കല പിണങ്ങി പോയത് കൊച്ചിയിലെ തുണിക്കടയില്‍ ജോലിക്ക്: കൊലപ്പെടുത്തിയത് കാറില്‍വച്ച്; മാന്നാര്‍ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആലപ്പുഴ: മാന്നാര്‍ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട കല ഭര്‍ത്താവ് അനിലുമായി പിണങ്ങി കല പോയത് കൊച്ചിയിലെ തുണിക്കടയില്‍ ജോലി ചെയ്യാനെന്ന് പൊലീസ്. കലയുടെ കയ്യില്‍ ഫോണ്‍ ഉണ്ടായിരുന്നു. കലയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് അനില്‍ കൊച്ചിയിലെത്തി കലയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. പിന്നാലെ കൊലനടത്തിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

കല കൊല്ലപ്പെട്ടത് 2009 ഡിസംബര്‍ ആദ്യ ആഴ്ചയിലാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. വലിയ പെരുമ്പുഴയില്‍വച്ചാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്നത് വലിയ പെരുമ്പുഴ പാലത്തിനടുത്തു വച്ചാണെന്നും അനില്‍ വാടകയ്‌ക്കെടുത്ത കാറില്‍ വച്ചാണെന്നും രണ്ടാം പ്രതി ജിനു ഗോപിയുടെ കുറ്റസമ്മത മൊഴിയിലുണ്ട്.

കൊല നടക്കുന്ന സമയത്ത് കാറില്‍ അനിലും കലയും മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. കലയ്ക്ക് മദ്യം നല്‍കിയെന്നും വിവരമുണ്ട്. കലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്യാനാണ് അനില്‍ മറ്റുള്ളവരുടെ സഹായം തേടിയത്. കേസിലെ പരാതിക്കാരനായ സുരേഷ് കുമാറിനെ വിളിക്കുന്നതും ഈ സമയത്താണ്. കലയുടെ മൃതദേഹം കാണിച്ചെന്നും സഹായം തേടിയെന്നും പൊലീസ് കണ്ടെത്തി. ഇവര്‍ വിസമ്മതിച്ചപ്പോള്‍ അനില്‍ ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി.

കലയുടെ മൃതദേഹവുമായി പ്രതികളെ കാറില്‍ കണ്ടെന്നു സുരേഷ് കുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തട്ടാരമ്പലം വലിയ പെരുമ്പുഴ പാലം മാന്നാര്‍ റോഡില്‍ ഇരമത്തൂര്‍ ചിറ്റമ്പലം ജംക്ഷനടുത്തുവച്ചാണ് പ്രതികളെയും മൃതദേഹവും കണ്ടതെന്നാണ് മൊഴി.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നാലെ വാഹനത്തേക്കുറിച്ചും മൃതദേഹം കുഴിച്ചിട്ട സ്ഥലത്തേക്കുറിച്ചും വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.