ഫാത്തിമ പേമാന്‍, ആന്റണി ആല്‍ബനീസി
സിഡ്‌നി: പാലസ്തീന്‍ നിലപാടിന്റെ പേരില്‍ വിവാദത്തിലായ സെനറ്റര്‍ ഫാത്തിമ പേമാന്‍ രാജിവച്ചതിനു പിന്നാലെ ലേബര്‍ പാര്‍ട്ടിക്ക് തിരിച്ചടി നല്‍കാന്‍ സിഡ്‌നിയിലെ മുസ്ലിം സംഘടനകള്‍. 'മുസ്ലിം വോട്ട് മൂവ്‌മെന്റ്' എന്ന പേരില്‍ ദേശീയ ക്യാമ്പെയ്ന്‍ നടത്തി അടുത്ത ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ ലേബര്‍ ശക്തികേന്ദ്രങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യം.
വരുന്ന തിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ സിഡ്നിയില്‍ നിന്നു മത്സരിക്കുന്ന മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയെങ്കിലും പിന്തുണയ്ക്കുമെന്ന് 'മുസ്ലീം വോട്ട് മൂവ്‌മെന്റ്' എന്ന പ്രസ്ഥാനത്തിന്റെ ഭാരവാഹികള്‍ എ.ബി.സി ന്യൂസിനോടു പറഞ്ഞു. ലേബര്‍ പാര്‍ട്ടി കൈവശം വച്ചിരിക്കുന്ന സിഡ്നിയിലെ രണ്ട് ഫെഡറല്‍ സീറ്റുകളിലേക്ക് മത്സരിക്കാന്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും ഇവര്‍ അവകാശെപ്പട്ടു. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരേ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് 'മുസ്ലിം വോട്ട് മൂവ്‌മെന്റ്' എന്ന ക്യാമ്പെയ്ന്‍ ആരംഭിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഓസ്ട്രേലിയന്‍ മുസ്ലീങ്ങളെ ശാക്തീകരിക്കുന്നു എന്നാണ് ഇവരുടെ വെബ്സൈറ്റില്‍ അവകാശപ്പെടുന്നത്.
പാലസ്തീന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ദുര്‍ബലമാണെന്നും മുസ്ലീം ശബ്ദങ്ങളെ നിസാരമായി കാണരുതെന്നും കാമ്പെയ്ന്‍ മുന്നറിയിപ്പ് നല്‍കുന്നു. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളാണ് സിഡ്‌നിയിലെ ബ്ലാക്സ്ലാന്‍ഡും വാട്സണും. രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം വിഭാഗങ്ങള്‍ താമസിക്കുന്ന മണ്ഡലങ്ങളാണിത്. ഫെഡറല്‍ വിദ്യാഭ്യാസ മന്ത്രി ജേസണ്‍ ക്ലെയര്‍ 2007 മുതല്‍ ബ്ലാക്സ്ലാന്‍ഡില്‍ നിന്നുള്ള എംപിയാണ്. ലേബര്‍ നേതാവും തൊഴില്‍ മന്ത്രിയുമായ ടോണി ബര്‍ക്കാണ് 2004 മുതല്‍ വാട്സണില്‍ നിന്നുള്ള ജനപ്രതിനിധി.
മുസ്ലിം വിഭാഗം തിരിഞ്ഞാല്‍ അതു ലേബര്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതത്തെ ബാധിക്കുമെന്ന പ്രചാരണമാണ് കാമ്പെയ്‌നിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നത്.
കഴിഞ്ഞയാഴ്ച്ച, ലേബര്‍ എംപിയായ ഫാത്തിമ പേമാന്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന ഗ്രീന്‍ പാര്‍ട്ടി പ്രമേയത്തിന് പാര്‍ട്ടി തീരുമാനം മറികടന്ന് വോട്ട് ചെയ്തിരുന്നു. പിന്നീട് ഇതു ചൂണ്ടിക്കാട്ടി ലേബര്‍ പാര്‍ട്ടി അനിശ്ചിത താലത്തേക്ക് ഫാത്തിമ പേമാനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതേ തുടര്‍ന്നാണ് വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള സെനറ്ററായ ഫാത്തിമ പേമാന്‍ രാജിവച്ചത്. പാര്‍ലമെന്റില്‍ സ്വതന്ത്രയായി തുടരുമെന്ന് ഇവര്‍ വ്യക്തമാക്കി.
ഫാത്തിമ പേമാന്റെ രാജിക്കത്ത് കിട്ടിയതായി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി പറഞ്ഞു. പാര്‍ട്ടി യോഗത്തില്‍ ഫാത്തിമ പേമാനെ ഭീഷണിപ്പെടുത്തിയതായുള്ള ആരോപണങ്ങള്‍ പ്രധാനമന്ത്രി തള്ളി. ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കും മുമ്പ് തന്റെ നേതൃത്വത്തിന് നന്ദിപറഞ്ഞ് ഫാത്തിമ ലേമാന്‍ സന്ദേശമയച്ചിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.