മതയാഥാസ്ഥിതികരെ കൈവിട്ട് ഇറാൻ ജനത; മിതവാദി ഡോ. മസൂദ് പെസെഷ്‌കിയാന് പ്രസിഡന്റ്

മതയാഥാസ്ഥിതികരെ കൈവിട്ട് ഇറാൻ ജനത; മിതവാദി ഡോ. മസൂദ് പെസെഷ്‌കിയാന് പ്രസിഡന്റ്

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരിഷ്കരണ വാദി സ്ഥാനാര്‍ഥിയായ ഡോ. മസൂദ് പെസെഷ്‌കിയാന് വിജയം. ജൂണ്‍ 28 ന് നടന്ന വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും ജയിക്കാനാവശ്യമായ 50 ശതമാനം വോട്ട് കിട്ടാത്തതിനെ തുടര്‍ന്നയിരുന്നു ഇന്നലെ വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.

ജൂണ്‍ 28 ലെ വോട്ടെടുപ്പില്‍ മിതവാദിയായ പാര്‍ലമെന്റ് അംഗം മസൂദ് പെസെഷ്‌കിയാന്‍ ഒരു കോടി വോട്ടു നേടി മുന്നിലായിരുന്നു. യാഥാസ്ഥിതികപക്ഷ സ്ഥാനാര്‍ഥി സയീദ് ജലീലി ആയിരുന്നു തൊട്ടു പിന്നില്‍. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ പെസെഷ്‌കിയാന്‍ വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 1979 ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷമുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ പോളിങാണ് രേഖപ്പെടുത്തിയത്.

പ്രസിഡന്റ് ഇബ്രാഹിം റെയ്സി മെയ് 19ന് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇറാനില്‍ ഇടക്കാല തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇറാൻ ആഭ്യന്തര മന്ത്രാലയം വിജയം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഡോ പെസെഷ്‌കിയാന്‍റെ അനുയായികൾ ടെഹ്‌റാനിലും മറ്റ് നഗരങ്ങളിലും തെരുവിലിറങ്ങി ആഘോഷങ്ങൾ നടത്തിയിരുന്നു. ഭൂരിഭാഗവും യുവാക്കൾ അടങ്ങിയ അദേഹത്തിന്റെ അനുയായികൾ തെരുവിൽ നൃത്തം ചെയ്യുകയും പച്ചക്കൊടികൾ ഉയർത്തി കാണിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനാണ് ഡോ. പെസെഷ്‌കിയാന്‍. ഇറാൻ്റെ കുപ്രസിദ്ധമായ സദാചാര പോലീസിന്റെ കടുത്ത വിമർശകൻ കൂടിയാണ് അദേഹം. ഇറാനിൽ ഐക്യവും ഒത്തുചേരലും ഉണ്ടാക്കുമെന്ന് വാഗ്ദാനം ചെയ്ത അദേഹം ലോകത്തിൽ നിന്നുള്ള ഇറാൻ്റെ ഒറ്റപ്പെടൽ അവസാനിപ്പിക്കുമെന്നും പറഞ്ഞിരുന്നു. പാശ്ചാത്യ ഉപരോധങ്ങൾ ലഘൂകരിക്കുന്നതിന് പകരമായി ഇറാൻ ആണവ പരിപാടി നിയന്ത്രിക്കാൻ സമ്മതിച്ച 2015 ലെ ആണവ കരാർ പുതുക്കുന്നതിന് പാശ്ചാത്യ ശക്തികളുമായി ചർച്ചകൾ നടത്താനും പെസെഷ്‌കിയാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.