വിഴിഞ്ഞത്ത് നങ്കൂരമിടുന്നത് സാന്‍ഫെര്‍ണാണ്ടോ എന്ന കൂറ്റന്‍ മദര്‍ഷിപ്പ്; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 12 ന് വന്‍ സ്വീകരണം

 വിഴിഞ്ഞത്ത് നങ്കൂരമിടുന്നത് സാന്‍ഫെര്‍ണാണ്ടോ എന്ന കൂറ്റന്‍ മദര്‍ഷിപ്പ്; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 12 ന് വന്‍ സ്വീകരണം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യം ചരക്ക് കണ്ടെയ്നറുകളുമായി എത്തുന്നത് സാന്‍ഫെര്‍ണാണ്ടോ എന്ന കൂറ്റന്‍ മദര്‍ഷിപ്പ്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ കപ്പലാണ് ഇത്. 110 ലേറെ രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയാണ് മെസ്‌ക്.

കഴിഞ്ഞ മാസം 22 ന് ഹോങ്കോംഗില്‍ നിന്നാണ് സാന്‍ഫെര്‍ണാണ്ടോ പുറപ്പെട്ടത്. ചൈനയിലെ ഷാങ്ഹായി, സിയാമെന്‍ തുറമുഖങ്ങള്‍ വഴിയാണ് യാത്ര. സിയാമെനില്‍ നിന്ന് രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായി ജൂലൈ ഒന്നിനാണ് വിഴിഞ്ഞത്തേക്ക് തിരിച്ചത്. 11 ന് രാവിലെ ആറിന് വിഴിഞ്ഞം പുറംകടലിലെത്തും. 12 ന് തുറമുഖത്തേക്ക് അടുപ്പിക്കും. തുറമുഖത്തെ 800 മീറ്റര്‍ ബര്‍ത്തിന്റെ മധ്യഭാഗത്താവും നങ്കൂരമിടുക. അന്ന് ഉച്ചയ്ക്ക് 12 ന് വിഴിഞ്ഞം വിടുന്ന കപ്പല്‍ പിറ്റേന്ന് ഉച്ചയോടെ കൊളംബോയിലെത്തും.

വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ ചെയ്യും മുന്‍പ് ഓട്ടോമേറ്റഡ് ക്രെയിനുകളടക്കം സര്‍വ സംവിധാനങ്ങളും പരിശോധിച്ച് ഉറപ്പിക്കാനാണ് മദര്‍ഷിപ്പ് എത്തിക്കുന്നത്. കപ്പലില്‍ നിന്ന് 23 ക്രെയിനുകള്‍ കണ്ടെയ്നറുകള്‍ ഇറക്കും. മദ്രാസ് ഐ.ഐ.ടി വികസിപ്പിച്ച സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന നാവിഗേഷന്‍ സെന്ററാണ് ഇത് നിയന്ത്രിക്കുന്നത്. വിമാനത്താവളങ്ങളിലെ എയര്‍ട്രാഫിക് കണ്‍ട്രോളിന് സമാനമാണിത്. കപ്പല്‍ നങ്കൂരമിടുന്നതും കാര്‍ഗോ ഇറക്കുന്നതുമെല്ലാം നിയന്ത്രിക്കുന്നത് ഈ സെന്ററാണ്.

സാന്‍ഫെര്‍ണാണ്ടോയില്‍ നിന്ന് ഇറക്കുന്ന കണ്ടെയ്നറുകള്‍ ചെറിയ ഫീഡര്‍ കപ്പലുകളിലേക്ക് രാജ്യത്തെ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. ലോകത്തെ വന്‍കിടക്കാരായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എംഎസ്സി), എപിഎം ടെര്‍മിനല്‍സ്, ഹാപാഗ്‌ലോയ്ഡ് എന്നിവയുടെ കപ്പലുകള്‍ പിന്നാലെ വിഴിഞ്ഞത്ത് എത്തും. നിലവിലെ 800 മീറ്റര്‍ ബര്‍ത്തില്‍ ഒരേസമയം രണ്ട് മദര്‍ഷിപ്പുകള്‍ അടുപ്പിക്കാം. ഇലക്ട്രോണിക് ഡേറ്റ ഇന്റര്‍ചേഞ്ച് അംഗീകാരം, കസ്റ്റോഡിയന്‍ കോഡ് അംഗീകാരം, ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റ് ക്ലിയറന്‍സ് എന്നിവ ലഭിച്ചാല്‍ ഉടന്‍ തുറമുഖം കമ്മിഷന്‍ ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ 12 ന് കപ്പലിന് വന്‍ സ്വീകരണം ഒരുക്കും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാളും പങ്കെടുക്കും. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയെയും ജോര്‍ജ് കുര്യനെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.