പതഞ്ജലിയെ വിടാതെ സുപ്രീം കോടതി; പരസ്യങ്ങളെല്ലാം നീക്കം ചെയ്തെന്ന് ഉറപ്പ് വരുത്താന്‍ ഐഎംഎക്ക് നിര്‍ദേശം

പതഞ്ജലിയെ വിടാതെ സുപ്രീം കോടതി; പരസ്യങ്ങളെല്ലാം നീക്കം ചെയ്തെന്ന് ഉറപ്പ് വരുത്താന്‍ ഐഎംഎക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: വിവാദ യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലിക്കെതിരെ സുപ്രീം കോടതി. പതഞ്ജലിയുടെ വിവാദ പരസ്യങ്ങള്‍ നീക്കം ചെയ്തോയെന്ന് ഉറപ്പാക്കാന്‍ കോടതി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനോട് (ഐഎംഎ) നിര്‍ദേശിച്ചു. ലൈസന്‍സ് റദ്ദാക്കിയ 14 ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ ഒരിടത്തും പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസുമാരായ ഹിമ കോലി, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് പതഞ്ജലിക്കെതിരെ ഐഎംഎ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടത്. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് നേരത്തെ ഉത്തരാഖണ്ഡ് ഡ്രഗ്സ് ആന്‍ഡ് ലൈസന്‍സിങ് അതോറിറ്റി പതഞ്ജലി ഉല്‍പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.

എന്നാല്‍, ഇതിനു ശേഷവും ഉപഭോക്താക്കളെ കബളിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ കമ്പനി ഡിജിറ്റല്‍ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലുമെല്ലാം പ്രസിദ്ധീകരിക്കുന്നുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

സോഷ്യല്‍ മീഡിയ, ഇലക്ട്രോണിക് മീഡിയ ഉള്‍പ്പെടെ എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഈ പരസ്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കാന്‍ കോടതി ഐഎംഎയോട് നിര്‍ദേശിച്ചു. ഡിജിറ്റല്‍ പരസ്യങ്ങളെല്ലാം പിന്‍വലിച്ചിട്ടുണ്ടെന്ന് പതഞ്ജലിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി കോടതിയില്‍ അറിയിച്ചു.

ഇതിനു പുറമെ ലൈസന്‍സ് റദ്ദാക്കിയതുള്‍പ്പെടെയുള്ള നടപടികളെ കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാന്‍ എന്തെല്ലാം ചെയ്തെന്ന് വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ലൈസന്‍സ് നടപടി ക്രമങ്ങളെ കുറിച്ച് രണ്ട് ആഴ്ചയ്ക്കിടെ സത്യവാങ്മൂലം നല്‍കാന്‍ ഉത്തരാഖണ്ഡിനോട് കോടതി നിര്‍ദേശിച്ചു. ഡ്രഗ്സ് ആന്‍ഡ് ലൈസന്‍സിങ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഷദന്‍ ഫറസാതിനെ അമിക്കസ് ക്യൂറിയായി കോടതി നിയമിക്കുകയും ചെയ്തിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.