തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് പുതിയൊരു ഏടായിമാറുമെന്നും ഈ ചരിത്ര നിമിഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും ആത്മ സമര്‍പ്പണവും ഓര്‍ക്കാതെ പൂര്‍ണമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി ഓര്‍മ്മിപ്പിച്ച് സ്പീക്കര്‍ എ.എന്‍ എംസീറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.
'കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഇന്ന് ഒരു പുതിയ അധ്യായം ആരംഭിച്ചു. ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.
ഇതൊരു ചരിത്ര നിമിഷമാണ്. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു വലിയ നാഴികക്കല്ലായി മാറും. ഈ തുറമുഖം സംസ്ഥാനത്തിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സംസ്ഥാനത്തിന്റെ വാണിജ്യ ബന്ധങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇത് കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് കാരണമാകും.
വിഴിഞ്ഞം തുറമുഖത്തിന്റെ നാള്‍വഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നേതൃത്വം പോര്‍ട്ടിന്റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ഈ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും അദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയി.
ആദരണീയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും ആത്മ സമര്‍പ്പണവും ഓര്‍ക്കാതെ ഈ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ല.
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ ഭാവിക്ക് അനന്തമായ സാധ്യതകള്‍ തുറന്നുകാട്ടുന്നു. ഈ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു പുതിയ ഏടായി മാറുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു'- സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ 'സാന്‍ ഫെര്‍ണാണ്ടോ' മദര്‍ ഷിപ്പിനെ ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയുടെയും വി.എസ് അച്യുതാനന്ദന്റെയും പേരുകള്‍ പരാമര്‍ശിച്ചിതേയില്ല.
പദ്ധതിയുടെ ചരിത്രം ഓര്‍മ്മിച്ചപ്പോഴും ഇടത് സര്‍ക്കാരുകളുടെ മികവിനെ പുകഴ്ത്തിയ വേളയിലും വി.എസ് അച്യുതാനന്ദന്റെ പേര് പോലും പിണറായി സൂചിപ്പിച്ചില്ല. തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി മുന്നണികള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് പിണറായി ഇത്തരമൊരു നീക്കം നടത്തിയത്.
എന്നാല്‍ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ തന്റെ പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നേട്ടമായിരുന്നു വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിടാന്‍ കഴിഞ്ഞതെന്ന് വി.എന്‍ വാസവന്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്യന്തികമായ ശ്രമ ഫലമായിട്ടാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായതെന്ന് കോവളം എംഎല്‍എ എ. വിന്‍സെന്റും പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാനായി ഇതിന് മുന്‍പുള്ള ഓരോ സര്‍ക്കാരും ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു. ജീവിച്ചിരുന്നെങ്കില്‍ ഏറ്റവും അധികം സന്തോഷിക്കുക ഉമ്മന്‍ ചാണ്ടിയാണെന്നും വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.