ബാംഗ്ലൂര്‍ അതിരൂപതയ്ക്ക് രണ്ട് സഹായ മെത്രാന്മാരെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

ബാംഗ്ലൂര്‍ അതിരൂപതയ്ക്ക് രണ്ട് സഹായ മെത്രാന്മാരെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

ബംഗളുരു: ബാംഗ്ലൂര്‍ അതിരൂപതയ്ക്ക് രണ്ട് സഹായ മെത്രാന്മാര്‍. ബാംഗ്ലൂര്‍ അതിരൂപതയുടെ ചാന്‍സലര്‍ ഫാ. ആരോക്യ രാജ് സതിസ് കുമാര്‍ (47), സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഇടവക വികാരി ഫാ. ജോസഫ് സൂസൈ നാഥന്‍ (60) എന്നിവരെയാണ് ഫ്രാന്‍സിസ് പാപ്പ സഹായ മെത്രാന്‍ പദവിയിലേക്ക് നിയമിച്ചത്.

134 ഇടവകകളിലായി ബാംഗ്ലൂര്‍ അതിരൂപതയില്‍ 3,60,561 കത്തോലിക്ക വിശ്വാസികളുണ്ട്. ബാംഗ്ലൂര്‍ അര്‍ബന്‍, ബാംഗ്ലൂര്‍ റൂറല്‍, ചിക്ക്‌ബെല്ലാപൂര്‍, കോലാര്‍, രാംനഗര, തുംകൂര്‍ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന 27,014 ചതുരശ്ര കിലോമീറ്റര്‍ പരിധിയിലാണ് അതിരൂപത സ്ഥിതി ചെയ്യുന്നത്. 157 വൈദികര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു.

1977 സെപ്റ്റംബര്‍ അഞ്ചിന് ബാംഗ്ലൂരിലാണ് ഫാ. ആരോക്യ രാജ് സതീസ് കുമാര്‍ ജനിച്ചത്. മംഗലാപുരം രൂപതയിലെ സെന്റ് ജോസഫ് സെമിനാരിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം 2007 മെയ് രണ്ടിന് ബാംഗ്ലൂര്‍ അതിരൂപതയില്‍ വൈദികനായി.

സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് കത്തീഡ്രല്‍, മല്ലേശ്വരത്തെ ക്രൈസ്റ്റ് ദി കിങ് എന്നിവിടങ്ങളില്‍ വൈദികനായി സേവനമനുഷ്ഠിച്ച അദേഹം സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. ഭവന്‍ ഭക്തി മൈനര്‍ സെമിനാരി റെക്ടര്‍, തുംകൂരിലെ ലൂര്‍ദ് പാരിഷ് അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.

ബംഗളുരുവില്‍ 1964 മെയ് 14 നാണ് ഫാ.ജോസഫ് സൂസൈ നാഥന്റെ ജനനം. തിരുച്ചിറപ്പള്ളി രൂപതയിലെ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്രവും, സെന്റ് പോള്‍സ് സെമിനാരിയില്‍ ദൈവ ശാസ്ത്രവും പഠിച്ചു. 1990 മെയ് 15 ന് ബാംഗ്ലൂര്‍ അതിരൂപതയില്‍ വൈദികനായി അഭിഷിക്തനായി.

തുടര്‍ന്ന് വിവിധയിടങ്ങളില്‍ അദേഹം സേവനമനുഷ്ടിച്ചു. 1940 ഫെബ്രുവരി 13 ന് മൈസൂരില്‍ നിന്നു വിഭജിച്ചാണ് ബാംഗ്ലൂര്‍ രൂപത പിറവിയെടുത്തത്. 1953 ല്‍ അതിരൂപതയായി ഉയര്‍ത്തപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.