ന്യൂഡല്‍ഹി: ബ്രഹ്മോസ് മിസൈല്‍ കയറ്റുമതിക്ക് പിന്നാലെ സുഖോയ് സു-30 എം.കെ.ഐ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാന്‍ റഷ്യയുമായി ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റഷ്യന്‍ സന്ദര്‍ശന വേളയിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.
റഷ്യന്‍ സഹകരണത്തോടെയാകും നിര്‍മാണം. വിമാനത്തിന്റെ ഇന്ത്യയിലെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും(എച്ച്.എ.എല്‍.) റഷ്യന്‍ സുഖോയിസും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ വ്യോമസേനയ്ക്കായി നിര്‍മിച്ച 272 സു-30 എം.കെ.ഐ വിമാനങ്ങളുടെ വിതരണം എച്ച്.എ.എല്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. ഇതില്‍ 50 എണ്ണം റഷ്യയിലും 222 എണ്ണം എച്ച്.എ.എലിന്റെ നാസിക്കിലെ പ്ലാന്റിലുമാണ് നിര്‍മിച്ചത്. ഇവയില്‍ 40 എണ്ണത്തിന് സൂപ്പര്‍സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിനെ വഹിക്കാന്‍ ശേഷിയുണ്ട്.
വ്യോമസേനയ്ക്ക് ലഭിക്കാനുള്ള 12 സുഖോയ് വിമാനങ്ങള്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് റഷ്യയുടെ സഹായത്തോടെ ഇന്ത്യ നിര്‍മിക്കും. ചൈന, അല്‍ജീരിയ, ഇന്‍ഡൊനീഷ്യ, മലേഷ്യ, യുഗാണ്‍ഡ, വെനസ്വേല, വിയറ്റ്നാം എന്നിവിടങ്ങളിലാണ് സുഖോയ് വിമാനത്തിന്റെ വിവിധ പതിപ്പുകള്‍ ഉപയോഗിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.