തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കാന്‍ പ്ലസ്ടു കോഴ്സുകള്‍ പഴയ പ്രീഡിഗ്രി മാതൃകയിലാക്കണമെന്ന് സര്‍ക്കാര്‍ സമിതിയുടെ ശുപാര്‍ശ. ഇപ്പോള്‍ ഒരു കോഴ്സില്‍ നാല് വിഷയ കോമ്പിനേഷനുകളാണ് ഉള്ളത്. ഇത് മൂന്നായി കുറയ്ക്കണമെന്നാണ് മുന്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ.
ഒന്നാം ഭാഷ ഇംഗ്ലീഷ്, രണ്ടാം ഭാഷ മലയാളം ഉള്‍പ്പെടെയുള്ളവ, നാല് വിഷയ കോമ്പിനേഷനുകള്‍ എന്നിങ്ങനെയാണ് നിലവിലെ കോഴ്സ് ഘടന. ഇതെല്ലാം പഠിക്കാന്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലേമുക്കാല്‍ വരെ തുടര്‍ച്ചയായി ക്ലാസിലിരിക്കണം. ഇതുകാരണം ലൈബ്രറി ഉപയോഗം, സ്‌കൂള്‍ പാര്‍ലമെന്റ്-ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ഇടപെടലുകള്‍, കായികപരിശീലനം തുടങ്ങിയവ സാധ്യമാവുന്നില്ല.
ജനാധിപത്യബോധത്തോടെ വളരേണ്ട കൗമാരക്കാരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കും മയക്കുമരുന്നുകളുടെ സ്വാധീനവലയത്തിലാകാനും കാരണമാവുമെന്നും സമിതി ചൂണ്ടിക്കാട്ടി. ഒരുവിഷയം അധികമായി പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്‌കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്തു പഠിക്കാനും പരീക്ഷയെഴുതാനും അവസരം നല്‍കാമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു. കോഴ്സ് ഘടന ഇങ്ങനെ മാറിയാല്‍ അധ്യയന സമയം ദിവസം അഞ്ച് മണിക്കൂറില്‍ ചുരുക്കാം.
1998 ലാണ് കോളജുകളില്‍ നിന്നും പ്രീഡിഗ്രി മാറ്റി ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം വ്യാപകമായത്. ഇംഗ്ലീഷിനും രണ്ടാം ഭാഷയ്ക്കും പുറമേ മൂന്ന് വിഷയ കോമ്പിനേഷന്‍ ഉള്ളതായിരുന്നു പ്രീഡിഗ്രി കോഴ്സ് ഘടന. ഈ ഘടന ഹയര്‍സെക്കന്‍ഡറിയിലും വേണമെന്ന് പല വിദ്യാഭ്യാസ കമ്മിഷനുകളും നിര്‍ദേശിച്ചെങ്കിലും നടപ്പായിട്ടില്ല. പ്ലസ്ടു പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ 2022 ഡിസംബറില്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി 2023 സെപ്റ്റംബറില്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചെങ്കിലും ഇനിയും പരസ്യപ്പെടുത്തിയിട്ടില്ല.
കൂടാതെ പ്ലസ് വണ്‍ പ്രവേശനത്തില്‍ പഞ്ചായത്തുകള്‍ക്കുള്ള വെയിറ്റേജ് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ സമിതി ശുപാര്‍ശ ചെയ്തു. എയ്ഡഡ് സ്‌കൂളില്‍ അനുവദിച്ച അണ്‍-എയ്ഡഡ് ബാച്ചുകള്‍ നിര്‍ത്തലാക്കണമെന്നും പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍ പഠിച്ച പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ സമിതി ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.