വിന്‍ഡോസ് തകരാര്‍ പരിഹരിക്കാനായില്ല; ഇന്ത്യയില്‍ വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കി: എന്‍.ഐ.സി പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് ഐ.ടി മന്ത്രി

വിന്‍ഡോസ് തകരാര്‍ പരിഹരിക്കാനായില്ല; ഇന്ത്യയില്‍ വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കി: എന്‍.ഐ.സി പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് ഐ.ടി മന്ത്രി

ന്യൂഡല്‍ഹി: മൈക്രോ സോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തടസം മൂലം ഇന്ന് ഇന്ത്യയിലെ അടക്കം പല രാജ്യങ്ങളിലെയും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളെയും ബാധിച്ചു.

ഡല്‍ഹി, ബംഗളൂരു, കൊല്‍ക്കത്ത, പൂനെ, മുംബൈ വിമാനത്താവളങ്ങള്‍ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 23 വിമാനങ്ങള്‍ റദ്ദാക്കി. കൊച്ചി വിമാനത്താവളത്തിലും പ്രതിസന്ധി തുടരുകയാണ്. രാവിലെയോടെ പല വിമാനത്താവളങ്ങളിലും വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകിയതോടെ യാത്രക്കാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു.

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ശരാശരി 51 മിനിറ്റ് കാലതാമസം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ഡല്‍ഹിയിലെ ഐജിഐ എയര്‍പോര്‍ട്ടിലെ സര്‍വീസുകള്‍ 40 മിനിറ്റോളം വൈകി. ഇന്‍ഡിഗോ 192 വിമാനസര്‍വീസുകള്‍ റദ്ദാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഇന്‍ഡിഗോ.

വിന്‍ഡോസ് പ്രവര്‍ത്തനം തടസപ്പെട്ടതോടെ ആഗോള വ്യാപകമായി വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യമാണ് ഉള്ളത്. ടിക്കറ്റ് വീണ്ടും ബുക്ക് ചെയ്യാനും റദ്ദാക്കിയ ടിക്കറ്റിന്റെ തുക തിരികെ നല്‍കാനും സാങ്കേതികമായി ബുദ്ധിമുട്ടുണ്ടെന്നും ഇന്‍ഡിഗോ അറിയിച്ചു. ഇത് തങ്ങളുടെ പരിധിക്ക് അപ്പുറമുള്ള പ്രശ്നമാണെന്നും ഇന്‍ഡിഗോ പറയുന്നു.

തിരുവനന്തപുരത്ത് നിന്നുള്ള നാല് സര്‍വീസുകളും ഇന്‍ഡിഗോ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ബംഗളൂരു, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. എന്നാല്‍ തങ്ങള്‍ സുഗമമായി സര്‍വീസ് നടത്തുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു.

രാത്രി 8.55 ന് ബംഗളുരുവിലേക്കും 10.20 ന് ഹൈദരബാദിലേക്കും 10.45 ന് ചെന്നൈയിലേക്കും പോകുന്നതുള്‍പ്പടെ നാല് വിമാനങ്ങളാണ് റദ്ദാക്കിയത്. നാലും ആ നഗരങ്ങളില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷം തിരിച്ച് സര്‍വീസ് നടത്തേണ്ടുന്ന വിമാനങ്ങളാണ്. അവയൊന്നും തന്നെ അവിടെ നിന്ന് പുറപ്പെടാത്ത സാഹചര്യത്തിലാണ് സര്‍വീസ് റദ്ദാക്കിയതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.

ലോകമെമ്പാടുമുള്ള വിന്‍ഡോസ് വര്‍ക്ക് സ്റ്റേഷനുകളില്‍ ഡെത്ത് എറര്‍ സ്‌ക്രീനുകളുടെ നീല സ്‌ക്രീന്‍ കണ്ടതിനെ തുടര്‍ന്ന് എയര്‍ലൈനുകള്‍, ബാങ്കുകള്‍, ടെലികോം കമ്പനികള്‍, ടി.വി, റേഡിയോ ബ്രോഡ്കാസ്റ്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള ബിസിനസുകളെ കാര്യമായി ബാധിച്ചു.

അതേസമയം മൈക്രോ സോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ് സ്‌ട്രൈക്ക് നിശ്ചലമായിട്ട് 12 മണിക്കൂര്‍ പിന്നിട്ടു. തകരാര്‍ കണ്ടെത്തിയെന്നും ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്നും ക്രൗഡ് സ്‌ട്രൈക്ക് പ്രസിഡന്റ് ജോര്‍ജ് കുര്‍ട്‌സ് അറിയിച്ചു. വിന്‍ഡോസിലെ ചില അപ്‌ഡേറ്റുകളില്‍ മാത്രമാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ മാക്, ലിനക്‌സ് ഉപയോക്താക്കള്‍ക്ക് പ്രശ്‌നമില്ലെന്നും ജോര്‍ജ് കുര്‍ട്‌സ് വ്യക്തമാക്കി.

ആഗോള തലത്തില്‍ മൈക്രോ സോഫ്റ്റ് സേവനങ്ങള്‍ തടസപ്പെട്ട സംഭവത്തില്‍ കമ്പനിയുമായി നിരന്തര ആശയ വിനിമയം നടത്തുന്നുണ്ടെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. പ്രശ്നത്തിന്റെ കാരണം കണ്ടെത്തിയതായും അപ്ഡേറ്റ് അവതരിപ്പിച്ചതായും അറിയിച്ച അദേഹം നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററിന്റെ (എന്‍.ഐ.സി) പ്രവര്‍ത്തനങ്ങളെ പ്രശ്നം ബാധിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ നല്‍കുന്ന കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കാണ് എന്‍.ഐ.സിയുടെ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി നെറ്റ് വര്‍ക്ക്. പ്രശ്നവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ നിര്‍ദേശം ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍) പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ക്രൗഡ് സ്ട്രൈക്ക് ഏജന്റായ ഫാല്‍ക്കണന്‍ സെന്‍സറുമായി ബന്ധമുള്ള വിന്‍ഡോസ് കംപ്യൂട്ടറുകളെയാണ് പ്രശ്നം ബാധിച്ചത് എന്ന് സേര്‍ട്ട്-ഇന്‍ പറഞ്ഞു. പ്രശ്നം ബാധിച്ച കംപ്യൂട്ടറുകളില്‍ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് (ബിഎസ്ഒഡി) പ്രശ്നമാണ് കാണിക്കുന്നത്.

ക്രൗഡ് സ്ട്രൈക്കിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിനെ തുടര്‍ന്നാണ് പ്രശ്നം തുടങ്ങിയത്. അപ്ഡേറ്റ് പിന്‍വലിച്ച് പഴയ രീതിയിലേക്ക് മാറ്റിയെന്നും സേര്‍ട്ട്-ഇന്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. ഓണ്‍ലൈനില്‍ തുടരാനും അപ്ഡേറ്റിലെ മാറ്റങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കാത്തവരുണ്ടെങ്കില്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുക.

വിന്‍ഡോസ് കംപ്യൂട്ടറുകളെ സേഫ് മേഡിലേക്കോ വിന്‍ഡോസ് റിക്കവറി എന്‍വയണ്‍മെന്റിലേക്കോ ബൂട്ട് ചെയ്യുക.
C:\Windows\System32\drivers\CrowdStrike തിരഞ്ഞെടുക്കുക.
C-00000291 എന്ന ഫയല്‍ കണ്ടെത്തി ഡിലീറ്റ് ചെയ്യുക.
സാധാരണ രീതിയില്‍ ബൂട്ട് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.