കോഴിക്കോട്: ഉത്തര കന്നഡയില്‍ അങ്കോലയ്ക്കടുത്ത് ഷിരൂരിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ സൈന്യമിറങ്ങണമെന്ന് കുടുംബവും ബന്ധുക്കളും ആവശ്യപ്പെട്ടു.
തിരച്ചിലിന് സൈന്യത്തിന്റെ സഹായം വേണമെന്ന് വെള്ളിയാഴ്ച മുതല്‍ മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും എന്താണ് നടപടിയില്ലാത്തതെന്നും ബന്ധുക്കള്‍ ചോദിക്കുന്നു.
മണ്ണിനടിയില്‍ കിടക്കുന്ന ലോറിയുടെ ലൊക്കേഷന്‍ റഡാറില്‍ തെളിഞ്ഞെന്ന് രാവിലെ വാര്‍ത്തകള്‍ വന്നെങ്കിലും പിന്നീട് സ്ഥിരീകരണമുണ്ടായില്ല. റഡാര്‍ ഉള്‍പ്പെടെയുള്ള പരിശോധന എത്രത്തോളം കാര്യക്ഷമമാണെന്നതില്‍ വ്യക്തതയുമില്ല.
സിഗ്‌നല്‍ ലഭിച്ച സ്ഥലത്തെ മണ്ണ് നീക്കി തിരച്ചില്‍ തുടരുകയാണ് സംഘം. അതിനിടെ കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വൈകാതെ ഷിരൂരില്‍ എത്തും.
ജൂലൈ 16 ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. അപകട ശേഷം പ്രവര്‍ത്തന രഹിതമായിരുന്ന അര്‍ജുന്റെ ഫോണ്‍ മൂന്ന് ദിവസത്തിനു ശേഷം വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ റിങ് ചെയ്തതും ലോറിയുടെ എന്‍ജിന്‍ ഓണായെന്ന വിവരവും പ്രതീക്ഷ നല്‍കിയിട്ടുണ്ട്.
മണ്ണിടിച്ചിലില്‍ ദേശീയ പാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്. ലോറിയുണ്ടെന്ന് സംശയിക്കുന്നയിടത്ത് 50 മീറ്ററോളം ഉയരത്തില്‍ മണ്ണ് മൂടിക്കിടക്കുകയാണ്. ഇത് മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.