സിഡ്‌നി: ഓസ്ട്രേലിയൻ സംസ്ഥാനങ്ങളായ വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ്, ടാസ്മാനിയ എന്നിവിടങ്ങളിൽ കനത്ത മഴക്കും മഞ്ഞ് വീഴ്ചക്കും സാധ്യത. മഴയോടൊപ്പം മഞ്ഞിനും മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ ജോനാഥൻ ഹൗ പറഞ്ഞു. അപകടരമായ ഈ മുന്നറിയിപ്പുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഹൗ പറഞ്ഞു.
ചില ഭാഗങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് മരങ്ങളും വൈദ്യുതി ലൈനുകളും വീഴ്ത്തുമെന്നും ആൽപൈൻ പ്രദേശങ്ങളിൽ ഹിമപാതത്തിന് സമാനമായ സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഹൗ പറഞ്ഞു.
രാജ്യത്തിൻ്റെ തെക്ക്-കിഴക്കൻ തീരപ്രദേശങ്ങളിലാണ് ഏറ്റവും ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നത്. ന്യൂ സൗത്ത് വെയിൽസിലെ വിവിധ ഭാഗങ്ങളിൽ രണ്ട് വർഷത്തിനിടെ ആദ്യമായി മഞ്ഞ് വീഴ്ച്ചയ്ക്കും സാധ്യതയുണ്ട്. ഈ വർഷത്തെ ശരാശരി താപനിലയേക്കാൾ 10 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ടെന്നാണ് വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി നിലയ്ക്കാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം. ശക്തമായ കാറ്റിനൊപ്പം വ്യാപകമായ മഴയുമുണ്ടാകും. അതേസമയം, വലിയ വെള്ളപ്പൊക്ക ഭീഷണിയില്ലെങ്കിലും നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
മെൽബണിലും അഡ്ലെയ്ഡിലും കാൻബറയിലും സിഡ്നിയിലും വരും ദിവസങ്ങളിൽ മഴയുണ്ടാകുമെന്നാണ് പ്രവചനം. കിഴക്കൻ ടാസ്മാനിയയിലെയും ഗിപ്സ്ലാൻഡിലെയും തീരങ്ങളിൽ അഞ്ച് മുതൽ ആറ് മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും സാധ്യത കൽപിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.