214 പേര്‍ നിരീക്ഷണത്തില്‍: തിയേറ്ററുകള്‍ അടച്ചിടണം, മദ്രസകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി; മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങള്‍

214 പേര്‍ നിരീക്ഷണത്തില്‍: തിയേറ്ററുകള്‍ അടച്ചിടണം, മദ്രസകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി; മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: മലപ്പുറത്ത് 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഈ പഞ്ചായത്തുകളില്‍ ആള്‍കൂട്ടം ഒഴിവാക്കണം. കടകള്‍ രാവിലെ 10 മുതല്‍ അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മദ്രസ, ട്യൂഷന്‍ സെന്ററുകള്‍ നാളെ പ്രവര്‍ത്തിക്കരുത്. മലപ്പുറം ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിക്കണം.

നിലവില്‍ 214 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 60 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മാവന്‍ എന്നിവര്‍ ക്വാറന്റൈനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ക്വാറന്റൈനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയും നിരീക്ഷണത്തിലുണ്ട്. ഈ കുട്ടിക്ക് പനി ബാധയുള്ളതിനാല്‍ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ 10 നാണ് പാണ്ടിക്കാട് സ്വദേശിയായ 14 കാരന് പനി ബാധിച്ചത്. 12 ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. ഭേദമാകാതിരുന്നതോടെ 13 ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15 ന് ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

അതേസമയം റോഡുകള്‍ അടച്ചിടില്ല. പ്രദേശത്തെ സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കരുത്. വൈകിട്ട് അഞ്ചിന് ശേഷം ഹോട്ടലുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണില്‍ മാധ്യമ പ്രവര്‍ത്തകരും പ്രവേശിക്കരുതെന്ന് നിര്‍ദേശമുണ്ട്. ആവശ്യമായ ദൃശ്യങ്ങളും വാര്‍ത്തയും പിആര്‍ഡി നല്‍കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.