തിരുവനന്തപുരം: കേരളം സ്വന്തമായി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുമ്പോഴുള്ള അധിക ബാധ്യത പൊതുജനങ്ങളുടെ ചുമലിലാവും. 8205 കോടി രൂപ സ്മാര്‍ട്ട് മീറ്ററിന് കേന്ദ്ര സഹായം കിട്ടും. പക്ഷേ കേന്ദ്ര മാതൃക നടപ്പാക്കാത്തതിനാല്‍ 15 ശതമാനം സബ്‌സിഡി കിട്ടില്ല. നഷ്ടപ്പെടുന്ന സബ്‌സിഡി തുക 1226 കോടിയാണ്. ഈ തുക കൂടി വൈദ്യുതി ബില്ലില്‍ ജനങ്ങള്‍ നല്‍കേണ്ടി വരും.
ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വന്‍കിട വ്യവസായങ്ങള്‍ക്കുമാണ് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുക. മൂന്ന് ലക്ഷം കണക്ഷന്‍ വരുമിത്. ചെലവ് മുഴുവന്‍ ഉപയോക്താക്കളും വഹിക്കണം. കേന്ദ്ര പദ്ധതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ വച്ചവര്‍ക്ക് മാത്രമേ ബാധ്യത വരുമായിരുന്നുള്ളൂ. 277 കോടിയാണ് ഒന്നാം ഘട്ടത്തിലെ ചെലവ്. ഇത് കെ.എസ്.ഇ.ബി നല്‍കിയ ശേഷം മുഴുവന്‍ പേരുടെയും വൈദ്യുതി ബില്ലില്‍ ഉള്‍പ്പെടുത്തും. രണ്ടാം ഘട്ടത്തിലാണ് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സ്ഥാപിക്കുക.
2025 ഡിസംബര്‍ 31 നകം പദ്ധതി തുടങ്ങിയിരിക്കണം. സ്മാര്‍ട്ട് മീറ്റര്‍ വാങ്ങാനും സോഫ്റ്റ് വെയര്‍ അടക്കമുള്ള സംവിധാനങ്ങള്‍ക്കും പ്രത്യേകം ടെന്‍ഡര്‍ വിളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2023 നവംബര്‍ ആറിനാണ് മൂന്ന് ലക്ഷം സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
വായ്പാഭാരം ജനങ്ങളിലേക്ക്
1.കെ.എസ്.ഇ.ബി പദ്ധതി നടപ്പാക്കുന്നത് വായ്പ എടുത്താണ്. ഈ തുകയും പലിശയും ബോര്‍ഡിലെ ചെലവ് കണക്കില്‍ റെഗുലേറ്ററി കമ്മിഷന്റെ മുന്നിലെത്തും. അതോടെ താരിഫ് വര്‍ധിപ്പിക്കും. വന്‍കിട വ്യവസായശാലകളില്‍ അടക്കം സ്മാര്‍ട്ട് മീറ്റര്‍ വച്ചതിന്റെ ഭാരം സാധാരണക്കാര്‍ വഹിക്കേണ്ടി വരും.
2. കേന്ദ്ര പദ്ധതിയില്‍ മീറ്ററിന്റെയും ഏകോപിപ്പിക്കുന്ന സോഫ്റ്റ് വെയറിന്റേയും ചെലവും അഞ്ച് വര്‍ഷത്ത മെയിന്റനന്‍സും കരാര്‍ കമ്പനിക്കാണ്. കേന്ദ്ര സബ്‌സിഡി കിഴിച്ചുള്ള മീറ്ററിന്റെ വില മാത്രം ഉപയോക്താക്കള്‍ തവണകളായി നല്‍കിയാല്‍ മതി.
3.കെ.എസ്.ഇ.ബി കേരള മോഡലായ കാപെക്‌സ് (ക്യാപിറ്റല്‍ എക്‌സ്പെന്‍ഡിച്ചര്‍) നടപ്പാക്കുമ്പോഴും മീറ്റര്‍ വാങ്ങേണ്ടത് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നു തന്നെയാണ്. എല്‍.ആന്‍ഡ്.ടി ഉള്‍പ്പെടെ 35 സ്വകാര്യ കമ്പനികളാണ് സ്മാര്‍ട്ട് മീറ്റര്‍ നിര്‍മ്മിക്കുന്നത്. എല്‍.ആന്‍ഡ്. ടിയുടെ മീറ്ററിന് 2922 രൂപയും പോളാരിസിന്റേതിന് 9300 രൂപയുമാണ് വില.
4. കെ.എസ്.ഇ.ബി മീറ്റര്‍ വാങ്ങുന്നത് ഒരു കമ്പനിയില്‍ നിന്നും സോഫ്ട് വെയര്‍ വാങ്ങുന്നത് മറ്റൊരു കമ്പനിയില്‍ നിന്നുമായിരിക്കും. ഈ പൊരുത്തക്കേട് കാരണം ഉണ്ടാകുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല. അതേസമയം കേന്ദ്ര പദ്ധതിയില്‍ ഇത് രണ്ടും ഒരു കമ്പനിയാണ് ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.