മെത്രാന്മാരുടെ സിനഡിന് ആദ്യമായി വനിതാ അണ്ടർസെക്രെട്ടറി:'ഫ്രത്തെലി തൂത്തി' പ്രാവർത്തികമാക്കിക്കൊണ്ട് ചരിത്രം തിരുത്തി ഫ്രാൻസിസ് മാർപാപ്പ.

മെത്രാന്മാരുടെ സിനഡിന് ആദ്യമായി വനിതാ അണ്ടർസെക്രെട്ടറി:'ഫ്രത്തെലി തൂത്തി' പ്രാവർത്തികമാക്കിക്കൊണ്ട് ചരിത്രം തിരുത്തി ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാന്‍ സിറ്റി: ആദ്യമായി ഒരുവനിതയെ മെത്രാന്മാരുടെ സിനഡിന്റെ അണ്ടര്‍ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ചരിത്രം തിരുത്തിക്കുറിച്ചു. സിസ്റ്റര്‍ നതാലി ബെക്വാര്‍ട്ട് ആണ് ഈ പദവിക്ക് അർഹയായ വനിത. സിസ്റ്ററിനോടൊപ്പം ഫാ. ലൂയി മരിന്‍ ഡി സാന്‍മാർട്ടിനും അണ്ടർസെക്രെട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു . 2018 ഒക്ടോബറില്‍ 'യുവത്വം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി വത്തിക്കാനില്‍ നടന്ന സിനഡിന്റെ ഓഡിറ്റര്‍ ആയിരുന്ന സിസ്റ്റർ അതുകൂടാതെ മറ്റു പല പദവികളും വഹിച്ചിട്ടുണ്ട്. ഫ്രഞ്ചുകാരിയായ സിസ്റ്റര്‍ നതാലി ഇപ്പോൾ ഷിക്കാഗോയിലെ കാത്തലിക്ക് തിയോളജിക്കല്‍ യൂണിയനില്‍ വത്തിക്കാന്‍ സാബട്ടിക്കല്‍ പോഗ്രാമുകളുടെ ചുമതല വഹിക്കുകയാണ്.

മാനേജ്മെന്റിലും ഫിലോസഫിയിലും തീയോളജിയിലും ഉപരി വിദ്യാഭ്യാസം നേടിയിട്ടുള്ള സിസ്റ്റർ, ഫ്രഞ്ച്, ഗണിത ശാസ്ത്രം എന്നീ വിഷയങ്ങളിൽ പ്രഫസറായും ജോലി നോക്കിയിട്ടുണ്ട്. ഇതുകൂടാതെ രണ്ടു വർഷം ഒരു മാർക്കറ്റിംഗ് ആൻഡ് അഡ്വെർടൈസിങ് ഏജൻസിയിൽ കൻസൽറ്റന്റും ആയിരുന്നു സിസ്റ്റർ.( ക്രിസ്ത്യൻ ഓർഗനൈസേഷന് വേണ്ടി )2005ൽ നിത്യവ്രതവാഗ്ദാനം ചെയ്ത സിസ്റ്റര്‍ നതാലി, 1995ലാണ് 'മിഷണറീസ് ഓഫ് ക്രൈസ്റ് ജീസസ്' എന്ന സന്യാസിനീ സഭയില്‍ ചേര്‍ന്നത്( ഇത് ഒരു ഇഗ്നേഷ്യൻ സഭയാണ്). ഇഗ്നേഷ്യൻ സഭയുടെ തന്നെ പല തലങ്ങളിലും പ്രവർത്തിക്കുകയും അനേകം ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു പല സംരംഭങ്ങൾക്കും ചുക്കാൻ പിടിച്ച വ്യക്തികൂടിയാണ് സിസ്റ്റർ നതാലി.

സിസ്റ്റര്‍ നതാലിയയെ സിനഡിലെ സുപ്രധാനമായ ഈ പദവിയിലേക്ക് നിയമിച്ചതോട്കൂടി അവർക്ക് വോട്ടവകാശം ലഭിച്ചിരിക്കുകയാണ്. അങ്ങനെ വോട്ടവകാശമുള്ള ആദ്യ വനിതാ അംഗം കൂടിയായി സിസ്റ്റർ നതാലി എന്ന ഒരു പ്രത്യേകതയും ഇതിനുണ്ട്.“സാർവത്രിക സഭയെ സേവിക്കാനു”ള്ള ആഹ്വാനമാണിതെന്നും ഈ നിയമനം “സഭയിലെ സ്ത്രീകളിലുള്ള ആത്മവിശ്വാസത്തെ” സൂചിപ്പിക്കുന്നുവെന്നും സിസ്റ്റർ നതാലി പറഞ്ഞു.

ഫ്രാൻസിസ് പാപ്പാ"ഫ്രത്തെലി തൂത്തി " എന്ന് പറഞ്ഞതു വെറുതെ ഭംഗി വാക്കല്ല. സ്വന്തം പ്രവൃത്തി പഥത്തിൽത്തന്നെ അത് നടപ്പാക്കി കാണിക്കുന്നു സഭയുടെ ഈ അമരക്കാരൻ. എല്ലാ മേഖലയിലും ഉള്ളവർക്ക് ഒരു പോലെ പ്രാധാന്യം കൊടുത്തു കാണുന്ന പാപ്പാ പറയുന്നത് ചെയുകയും അതുപോലെ പ്രവർത്തിക്കാൻ ലോകത്തിന് പ്രചോദനം നൽകുകയും ചെയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.