കേരളത്തിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയ കേന്ദ്ര ബജറ്റ്; സീറോ മലബാര്‍ സഭാ അല്‍മായ ഫോറം

കേരളത്തിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയ കേന്ദ്ര ബജറ്റ്; സീറോ മലബാര്‍ സഭാ അല്‍മായ ഫോറം

കൊച്ചി: കേരള സംസ്ഥാനത്തിന്റെ ഒട്ടേറെ പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍
അവതരിപ്പിച്ചതെന്ന് സീറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി. രണ്ട് സഹമന്ത്രിമാര്‍ സംസ്ഥാനത്ത് നിന്നുള്ള സാഹചര്യത്തിലും കേരളത്തെ അവഗണിച്ചത് സംസ്ഥാനത്തോടുള്ള കടുത്ത അവഗണനയായി കാണണം. പൂര്‍ണമായും കേരളത്തെ തഴഞ്ഞ ഒരു ബജറ്റാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്ന് ടോണി ചിറ്റിലപ്പിള്ളി പറഞ്ഞു.

എല്ലാ വര്‍ഷവും കേരളം കുന്നോളം ചോദിക്കും. എന്നാല്‍ കുന്നിക്കുരുപോലും കിട്ടുന്നില്ലെന്നാണ് ഓരോ കേന്ദ്ര ബജറ്റ് കഴിയുമ്പോഴും കേരളം അനുഭവിക്കുന്നത്. തീര്‍ത്തും രാഷ്ട്രീയ അവസരവാദത്തിനായി ബി.ജെ.പി നടത്തുന്ന ഒരു നീക്കം മാത്രമായേ ഇത്തവണത്തെ ബജറ്റിനെ കാണാനാകൂ. കര്‍ഷ പ്രശ്‌നങ്ങള്‍, വിലക്കയറ്റം, മലയോര മേഖല തുടങ്ങി സാധാരണക്കാരെ അവഗണിച്ച് മുതലാളിമാര്‍ക്ക് പാദസേവ ചെയ്യുന്ന ബജറ്റാണിത്. കേരളത്തിലെ കൊട്ടിഘോഷിക്കപ്പെട്ട രണ്ടു കേന്ദ്ര സഹമന്ത്രിമാരും ഈ അവഗണനക്ക് മറുപടി പറയണം.

ബിഹാറിനും ആന്ധ്രക്കും വാരിക്കോരി നല്‍കിയപ്പോള്‍ കേരളത്തിന് കുമ്പിളില്‍ തന്നെ കഞ്ഞി തന്ന ബജറ്റാണിത്. കേരളത്തിനെ ഇത്രമാത്രം അവഗണിച്ചതിന്റെ കാരണങ്ങള്‍ എന്താണെന്ന് സഹമന്ത്രിമാര്‍ വെളിപ്പെടുത്തട്ടെ. കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയ്ക്ക് സ്വന്തമായി ഒരു എംപി തന്നെ കേരളത്തില്‍ നിന്നുണ്ടായിട്ടും കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ അരയും തലയും മുറുക്കി മുന്നിട്ടിറങ്ങിയ ബിജെപി ഇത്തവണ ബജറ്റിലൂടെ കേരളത്തിന്റെ പ്രതീക്ഷകളുടെ ചിറകരിഞ്ഞു.

വര്‍ഷങ്ങളായി തുടരുന്ന കേന്ദ്ര അവഗണനക്ക് ഇത്തവണത്തെ ബജറ്റിലും മാറ്റമുണ്ടായില്ലെന്നത് കേരളത്തിലെ സാധാരണക്കാരനെ വേദനിപ്പിക്കുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട തൃശൂര്‍ ലോക്സഭാ മണ്ഡലത്തിനും ഒന്നുമില്ല. കേരളത്തിന്റെ സകല ആവശ്യങ്ങളും തളളിയ ഈ കേന്ദ്ര ബജറ്റിന്റെ അവഗണനക്കെതിരെ സീറോ മലബാര്‍ സഭാ അല്‍മായ ഫോറം കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.