നെടുമ്പാശേരിയില്‍ 20 സെക്കന്റില്‍ സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ സംവിധാനമൊരുങ്ങുന്നു

നെടുമ്പാശേരിയില്‍ 20 സെക്കന്റില്‍ സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ സംവിധാനമൊരുങ്ങുന്നു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. ഇതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫാസ്റ്റ് ട്രാക് ഇമിഗ്രേഷന്‍-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാമിന്റെ ഭാഗമായി രാജ്യാന്തര യാത്രക്കാര്‍ക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാകും സിയാല്‍.

ഇതിന്റെ ട്രയല്‍ തിങ്കളാഴ്ച തുടങ്ങും. ഓഗസ്റ്റില്‍ കമ്മീഷന്‍ ചെയ്യും. കഴിഞ്ഞമാസം ഡല്‍ഹി വിമാനത്താവളത്തിലാണ് ആദ്യമായി ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. സിയാലില്‍ ഇതിനായുള്ള അടിസ്ഥാന സൗകര്യം സജ്ജമായി. ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പ് ചുമതല. ആഗമന, പുറപ്പെടല്‍ മേഖലകളില്‍ നാല് വീതം ലൈനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ നടപ്പിലാക്കുക. ഇതിനായുള്ള സ്മാര്‍ട് ഗേറ്റുകള്‍ എത്തിക്കഴിഞ്ഞു.

നിലവില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ഒ.സി.ഐ കാര്‍ഡുള്ളവര്‍ക്കുമാണ് സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തേണ്ടതുണ്ട്. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ വിജയകരമായി അപ്‌ലോഡ് ചെയ്താല്‍ അടുത്തഘട്ടമായ ബയോമെട്രിക് എന്റോള്‍മെന്റിലേയ്ക്ക് കടക്കാം.

മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എന്റോള്‍മെന്റ് കൗണ്ടറുകള്‍ കൊച്ചി വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എഫ്.ആര്‍.ആര്‍.ഒ ഓഫീസിലും ഇമിഗ്രേഷന്‍ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്. തൃപ്തികരമായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയ്ക്കും ആഗമന-പുറപ്പെടല്‍ ഇമിഗ്രേഷന്‍ നടപടികള്‍ക്ക് സ്മാര്‍ട് ഗേറ്റുകളിലൂടെ കടന്നുപോകാം. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള നീണ്ട വരികളില്‍ കാത്തുനില്‍പ്പ് ഒഴിവാക്കാം.

ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകള്‍ പൂരിപ്പിക്കുന്നതിനോ കാത്ത് നില്‍ക്കേണ്ടതില്ല. സ്മാര്‍ട് ഗേറ്റിലെത്തിയാല്‍ ആദ്യം പാസ്പോര്‍ട്ട് സ്‌കാന്‍ ചെയ്യണം. രജിസ്റ്റ്രേഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഗേറ്റുകള്‍ താനെ തുറക്കും. തുടര്‍ന്ന് രണ്ടാം ഗേറ്റിലെ ക്യാമറയില്‍ മുഖം കാണിക്കണം. യന്ത്രം നിങ്ങളുടെ മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാകുകയും ചെയ്യും. ഇതിനായി പരമാവധി കണക്കാക്കപ്പെടുന്ന സമയം 20 സെക്കന്റാണ്. ചെക്ക്-ഇന്‍ കഴിഞ്ഞാല്‍ 20 സെക്കന്റില്‍ സുരക്ഷാ പരിശോധനയ്ക്ക് എത്തുന്ന വിധത്തിലാണ് സജ്ജീകരണം ഒരുങ്ങുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രസ്റ്റഡ് ട്രാവലര്‍ പദ്ധതിയ്ക്ക് രാജ്യത്ത് തന്നെ രണ്ടാമതായി സൗകര്യമൊരുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു. പരമാവധി ഇടങ്ങളില്‍ സാങ്കേതിക വിദ്യയുടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് സിയാല്‍ ലക്ഷ്യമിടുന്നത്. യാത്രക്കാര്‍ക്ക് സമ്മര്‍ദമൊന്നുമില്ലാതെ വിമാനത്താവളത്തിലെ വിവിധ പരിശോധനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയണം. ഒപ്പം സുരക്ഷ ഉറപ്പുവരുത്തുകയും വേണം. ആഭ്യന്തര യാത്രക്കാര്‍ക്കായി ഈയിടെ ഏര്‍പ്പെടുത്തിയ ഡിജിയാത്ര ഏറെ വിജയകരമായിരുന്നുവെന്നും സുഹാസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.