കല്‍പ്പറ്റ: കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 185 ആയി.
അപകട സ്ഥലത്തു നിന്ന് മുപ്പതോളം കിലോ മീറ്റര്‍ അകലെ മലപ്പുറം ജില്ലയിലെ പോത്തുകല്ലില്‍ നിന്ന് 60 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ചാലിയാര്‍ പുഴയിലൂടെ ഒഴുകിവന്ന മനുഷ്യ ശരീരങ്ങളാണ് അവ. ഓരോ നിമിഷവും മരണസംഖ്യ കൂടി വരികയാണ്.
മോശം കാലാവസ്ഥ മൂലം ഇന്നലെ രാത്രിയോടെ താല്‍ക്കാലികമായി നിര്‍ത്തി വച്ച രക്ഷാ ദൗത്യം ഇന്ന് അതിരാവിലെ തുടങ്ങിയിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ജില്ലയില്‍ 1,726 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഏഴായിരത്തിലധികം പേരാണ് ഈ ക്യാമ്പുകളിലുള്ളത്.
അതേസമയം രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചു വരികയാണ്. സൈന്യവും എന്‍.ഡി.ആര്‍.എഫും കോസ്റ്റ് ഗാര്‍ഡുമുള്‍പ്പെടെ ദുരന്ത സ്ഥലത്തുണ്ട്. പാലം നിര്‍മിച്ച് ആയിരത്തോളം പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്ന് സൈന്യം അറിയിച്ചു.
മേപ്പാടിയിലെ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തിലധികം പേരാണുള്ളത്. മേപ്പാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടനാട് സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍, നെല്ലിമുണ്ട അമ്പലം ഹാള്‍, തൃക്കൈപ്പറ്റ ജി.എച്ച്.എസ്, കാപ്പംകൊല്ലി അരോമ ഇന്‍, മൗണ്ട് ടാബോര്‍ സ്‌കൂള്‍ എന്നിവയാണ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇപ്പോഴും ആളുകളെ മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ചിലരെ ബന്ധു വീടുകളിലേക്കും മാറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഓരോ ക്യാമ്പിന്റേയും നടത്തിപ്പ് ചുമതലയും നല്‍കിയിട്ടുണ്ട്. നിലവില്‍ 74 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ളവര്‍ ക്യാമ്പുകളിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.