വിക്ടോറിയ പാര്‍ലമെന്റിലെ സ്വര്‍ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ത്ഥന നിലനിർത്തുമെന്ന് അറ്റോര്‍ണി ജനറല്‍; സ്വാഗതാർഹമെന്ന് മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ്

വിക്ടോറിയ പാര്‍ലമെന്റിലെ  സ്വര്‍ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ത്ഥന നിലനിർത്തുമെന്ന് അറ്റോര്‍ണി ജനറല്‍; സ്വാഗതാർഹമെന്ന് മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ്

മെല്‍ബണ്‍: വിക്ടോറിയ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന 'സ്വര്‍ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. 120 വര്‍ഷത്തിലേറെയായി അനുവര്‍ത്തിച്ചുപോരുന്ന സമ്പ്രദായം നിര്‍ത്തലാക്കാനുള്ള നീക്കങ്ങള്‍ ഉപേക്ഷിച്ചതായുള്ള വാര്‍ത്തകള്‍ മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ എ കോമെന്‍സോലി സ്വാഗതം ചെയ്തു.

പ്രാര്‍ത്ഥന നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന, 11,000-ലധികം ഒപ്പുകള്‍ ശേഖരിച്ച നിവേദനം കഴിഞ്ഞ ദിവസം സെനറ്റില്‍ ചര്‍ച്ച ചെയ്തിരുന്നു. ലിബറല്‍ എംപി ഇവാന്‍ മള്‍ഹോളണ്ടാണ് നിവേദനം തയാറാക്കിയത്.

പാര്‍ലമെന്റില്‍ നിന്ന് പ്രാര്‍ത്ഥന ഒഴിവാക്കാനുള്ള യാതൊരു നീക്കവുമുണ്ടായിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ ജാക്ലിന്‍ സൈംസ് സെനറ്റില്‍ വ്യക്തമാക്കി. അതേസമയം, സെനറ്റ് സമ്മേളനത്തിന്റെ ആരംഭം നവീകരിക്കാനുള്ള ചില ചെറിയ സംഭാഷണങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി അവര്‍ സമ്മതിച്ചു.

 പാര്‍ലമെന്റില്‍ ദിവസവും 'സ്വര്‍ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ത്ഥന ചൊല്ലുന്ന പതിവ് നിലനിര്‍ത്താന്‍ തീരുമാനിച്ച വാര്‍ത്തകള്‍ സന്തോഷകരമാണെന്ന് ആര്‍ച്ച് ബിഷപ്പ് കൊമെന്‍സോലി പ്രസ്താവനയില്‍ പറഞ്ഞു. ഇത് വിശ്വാസികള്‍ക്ക് ലഭിക്കുന്ന മഹത്തായ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 പ്രാര്‍ത്ഥനയോടെ സമ്മേളനം ആരഭംഭിക്കുന്ന പതിവ് അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഓസ്‌ട്രേലിയയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഓസ്ട്രേലിയയില്‍ ഏറ്റവുമധികം കത്തോലിക്കാ വിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന സംസ്ഥാനമാണ് വിക്ടോറിയ. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതില്‍ ആശങ്കാകുലരായിരുന്ന വിശ്വാസീസമൂഹത്തിനാണ് പുതിയ തീരുമാനം ആശ്വാസമായിരിക്കുന്നത്.

വിക്ടോറിയന്‍ സംസ്ഥാനത്തെ ഗ്രീൻസ് പാര്‍ട്ടിയാണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ പതിവിനെതിരെ രംഗത്തെത്തിയത്. നിരീശ്വരവാദിയും മുന്‍ പാര്‍ലമെന്റ് അംഗവുമായ
ഫിയോണ പാറ്റനാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥനയോടെ പാര്‍ലമെന്റിന്റെ അനുദിന സമ്മേളനം ആരംഭിക്കുന്ന പതിവ് 1918ലാണ് ആരംഭിക്കുന്നത്. നിലവില്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റും ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി ഒഴികെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാന സഭകളും 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥനയോടെയാണ് സഭാസമ്മേളനം ആരംഭിക്കാറുള്ളതും. വിക്ടോറിയിലേതിന് സമാനമായ നീക്കം കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയിലെ ഫെഡറല്‍ പാര്‍ലമെന്റിലും നടന്നെങ്കിലും അത് പരാജയപ്പെട്ട സാഹചര്യം വിശ്വാസീസമൂഹത്തിന് കരുത്തുപകരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.