വയനാട്ടിലേത് മനുഷ്യ നിര്‍മിത ഉരുള്‍പൊട്ടല്‍ അല്ല; സാധ്യതാ മേഖലക്കൊപ്പം റൂട്ട് മാപ്പാണ് ആവശ്യമെന്ന് ഡോ. സജിന്‍കുമാര്‍

വയനാട്ടിലേത് മനുഷ്യ നിര്‍മിത ഉരുള്‍പൊട്ടല്‍ അല്ല; സാധ്യതാ മേഖലക്കൊപ്പം റൂട്ട് മാപ്പാണ് ആവശ്യമെന്ന് ഡോ. സജിന്‍കുമാര്‍

കൊച്ചി: വയനാട്ടില്‍ ഇത്തവണ നടന്നിട്ടുള്ള ഉരുള്‍പൊട്ടല്‍ മനുഷ്യ നിര്‍മിതമല്ലെന്ന് കേരള സര്‍വകലാശാല ജിയോളജി വിഭാഗം അസി. പ്രൊഫസറും സംസ്ഥാന ലാന്റ് സ്ലൈഡ് അഡൈ്വസറി കമ്മിറ്റി അംഗവുമായ ഡോ. സജിന്‍കുമാര്‍. ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഇത്തവണ നടന്നിട്ടുള്ളത് മനുഷ്യനിര്‍മിതമല്ല എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. എന്നാല്‍ മനുഷ്യന്റെ ഇടപെടല്‍ സ്വാധീനിച്ചിട്ടില്ല എന്നും പറയാനാവില്ല. ഒരു പഠനവും ഉരുള്‍പൊട്ടലില്‍ മനുഷ്യന്റെ ഇടപെടല്‍ എത്രയാണെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. അത്തരത്തിലൊരു പഠനം വരാത്തിടത്തോളം കാലം മനുഷ്യ നിര്‍മിതമായ ഉരുള്‍പൊട്ടലല്ല എന്ന് പറയേണ്ടി വരുമെന്നും അദേഹം പറഞ്ഞു.

സാധാരണയായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 2018 മുതല്‍ തുച്ഛമായ സ്ഥലത്ത് ഒരുമിച്ച് വലിയ അളവില്‍ മഴ പെയ്യുകയാണ്. അങ്ങനെ വരുമ്പോള്‍ അവിടുത്തെ മണ്ണ് കുതിര്‍ന്ന് ആ ഭാഗം മാത്രം പൊട്ടുന്ന പ്രതിഭാസമാണ് കാണുന്നത്. മുണ്ടക്കൈയില്‍ 2019 ല്‍ ചെറിയ ഉരുള്‍പൊട്ടല്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. നൂറുകണക്കിന് ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകള്‍ കേരളത്തില്‍ തന്നെയുണ്ട്. ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകള്‍ കണക്കാക്കാന്‍ കഴിയും. എന്നാല്‍ ഇത് ഒഴുകി വരുന്നത് കണ്ടെത്താന്‍ പ്രയാസമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പെട്ടിമുടി.

ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയല്ല പെട്ടിമുടിയും ചൂരല്‍മലയും. പക്ഷേ ആ സ്ഥലത്താണ് ദുരന്തം ഉണ്ടായത്. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയ്ക്ക് പുറമേ, ഉരുള്‍പൊട്ടല്‍ റൂട്ട് മാപ്പാണ് ആവശ്യം. അതിനുള്ള സംവിധാനം നമുക്കുണ്ട്. പക്ഷേ ഒരു മീറ്ററില്‍ കിട്ടാവുന്ന ഒരു ഉപഗ്രഹ ചിത്രം നമുക്കില്ല എന്നതും പരിമിതിയാണെന്ന് അദേഹം പറഞ്ഞു.

2018 ലെ പ്രളയത്തിനോട് അനുബന്ധിച്ച് 4,726 ഉരുള്‍പൊട്ടലുകളാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. അതില്‍ ചെറുതും വലുതുമുണ്ട്. അതില്‍ തന്നെ പകുതിയോളം ഇടുക്കിയിലായിരുന്നു. 2,223 ഉരുള്‍പൊട്ടലാണ് ഇടുക്കിയിലുണ്ടായിരിക്കുന്നത്. അതിലും പകുതി ഇടുക്കിയുടെ ഉള്‍വനങ്ങളിലാണ്. മനുഷ്യ നിര്‍മിതമായ ഉരുള്‍പൊട്ടലുകളായിരുന്നുവെങ്കില്‍ എല്ലാ മാസത്തിലും കാണണമായിരുന്നു. നമ്മുടെ ഉരുള്‍പൊട്ടലുകളെല്ലാം ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലഘട്ടങ്ങളിലാണ്. അപ്പോള്‍ മഴയാണ് ഇതിന് കാരണമെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.