വിട ചൊല്ലി നാട്: ഇനി അവര്‍ ഒന്നിച്ച് അന്തിയുറങ്ങും; സര്‍വമത പ്രാര്‍ത്ഥനയോടെ പുത്തുമലയില്‍ എട്ട് മൃതദേഹങ്ങള്‍ സംസ്‌കാരിച്ചു

വിട ചൊല്ലി നാട്: ഇനി അവര്‍ ഒന്നിച്ച് അന്തിയുറങ്ങും; സര്‍വമത പ്രാര്‍ത്ഥനയോടെ പുത്തുമലയില്‍ എട്ട് മൃതദേഹങ്ങള്‍ സംസ്‌കാരിച്ചു

കല്‍പ്പറ്റ: ജീവനെടുത്ത മണ്ണിലേയ്ക്ക് ഒന്നിച്ച് മടക്കം. നാടിനെ ഒന്നാകെ നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാന്‍ കഴിയാത്ത എട്ട് മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഹാരിസണ്‍ പ്ലാന്റേഷന്‍ ഭൂമിയില്‍ അടുത്തടുത്ത് കുഴികളെടുത്ത് സര്‍വമത പ്രാര്‍ത്ഥനയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.

നിലവില്‍ 32 കുഴികള്‍ ഒരുക്കിയിട്ടുണ്ട്. പുത്തുമലയില്‍ മുന്‍പ് ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്താണ് കൂട്ട സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. 67 മൃതദേഹങ്ങളില്‍ എട്ടെണ്ണമാണ് ഒരുമിച്ച് സംസ്‌കരിച്ചത്. അഞ്ച് മൃതദേഹങ്ങള്‍ കല്‍പറ്റ പൊതുശ്മശാനത്തില്‍ ഇന്നലെ സംസ്‌കരിച്ചിരുന്നു.
നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്‌കരിക്കുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംസ്‌കരിച്ച എട്ട് മൃതദേഹങ്ങളും അഴുകി തുടങ്ങിയിരുന്നതിനാലാണ് രാത്രി തന്നെ സംസ്‌കരിക്കാന്‍ തീരുമാനിച്ചത്.

കേരളത്തിന് മാത്രമല്ല രാജ്യത്തിനൊട്ടാകെ തീരാനോവായി മാറിയിരിക്കുകയാണ് വയനാട്. ഒരേ നാട്ടില്‍ ജീവിച്ച് ഒരുമിച്ച് ദുരന്തം കവര്‍ന്നെടുത്തവര്‍ക്ക് ഒരുമിച്ച് അന്ത്യവിശ്രമം. ഏറെ വൈകിയും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് യാത്രാമൊഴി ചൊല്ലാന്‍ ജാതിമത ഭേദമന്യേ ഒരു നാട് ഒന്നാകെ പങ്കെടുത്തത് വേദനയുള്ള കാഴ്ചയായി. മരിച്ചവര്‍ സ്ത്രീയോ പുരുഷനോ എന്ന് പോലും തിരിച്ചറിയാനാവാത്ത അവസ്ഥ. അവര്‍ ഒന്നിച്ച് ഒരു മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. അവന്‍ എല്ലാക്കാലത്തും ഒന്നിച്ച് നിലകൊള്ളണമെന്ന വലിയ പാഠം ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തിയ മഹാദുരന്തം. അവസാന നിമിഷവും ഏതെങ്കിലും വിധേന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമോ എന്ന ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് സംസ്‌ക്കരിക്കാന്‍ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.