വയനാട് ദുരന്തം: തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും 158 ശരീര ഭാഗങ്ങളും ഇന്ന് വൈകുന്നേരം സംസ്‌കരിക്കും

വയനാട് ദുരന്തം: തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും 158 ശരീര ഭാഗങ്ങളും ഇന്ന് വൈകുന്നേരം സംസ്‌കരിക്കും

കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ ഇതുവരെ ആരും തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും 158 ശരീര ഭാഗങ്ങളും ഇന്ന് വൈകുന്നേരം സംസ്‌കരിക്കും. എല്ലാ മൃതദേഹങ്ങളും ഒരുമിച്ച് സംസ്‌കരിക്കുക ബുദ്ധിമുട്ടായതിനാല്‍ സംസ്‌കാരത്തിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.

വയനാട്ടിലെ ചൂരല്‍മലയില്‍ തിരച്ചില്‍ നടക്കുന്ന പ്രദേശത്ത് മന്ത്രി എ.കെ ശശീന്ദ്രനോടൊപ്പം സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി രാജന്‍. പുത്തു മലയിലെ ഭൂമിയിലാണ് 158 ശരീര ഭാഗങ്ങളും 31 മൃതദേഹങ്ങളും വൈകുന്നേരം നാല് മണിയോടെ സംസ്‌കരിക്കും. ഓരോ ശരീര ഭാഗവും പ്രത്യേകം പെട്ടികളിലാക്കിയാകും സംസ്‌കരിക്കുക. സര്‍വമത പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാകും സംസ്‌കാരം നടക്കുക.

സംസ്‌കരിച്ച ശരീര ഭാഗങ്ങളുടെ ഡിഎന്‍എ നമ്പര്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും. ഇതില്‍ ഏതെങ്കിലും മൃതദേഹം ആരെങ്കിലും തിരിച്ചറിയാന്‍ കഴിയുമെങ്കില്‍ അതുകൂടി പരിഗണിച്ചാണ് സംസ്‌കാരം വൈകുന്നേരത്തേക്ക് മാറ്റിയത്. ഏതെങ്കിലും മൃതദേഹം തിരിച്ചറിഞ്ഞാല്‍ അതു ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്നും മന്ത്രി പറഞ്ഞു.

തിരച്ചില്‍ ഒരു സ്ഥലത്തും നിര്‍ത്തിയിട്ടില്ല. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. ഡല്‍ഹിയില്‍ നിന്നും നാല് കഡാവര്‍ നായകള്‍ കൂടി തിരിച്ചിലിനായി എത്തിയിട്ടുണ്ട്. ഇവയടക്കം 15 കഡാവര്‍ നായകള്‍ സ്ഥലത്ത് തിരച്ചില്‍ നടത്തുന്നതിന് സഹായിക്കുന്നുണ്ട്. പലയിടത്തു നിന്നും വരുന്ന സിഗ്‌നലുകള്‍ മേജര്‍ ഇന്ദ്രപാലന്റെ നേതൃത്വത്തില്‍ പരിശോധിച്ചു വരികയാണ്.

അന്വേഷണത്തില്‍ പഴുതടച്ചുള്ള സംവിധാനമാണ് ആലോചിക്കുന്നത്. ഒരു സംവിധാനത്തിന്റെയും അന്വേഷണവും തിരച്ചിലും അവസാനിപ്പിച്ചിട്ടില്ല. മിസിങ് കേസുകള്‍ 216 ല്‍ നിന്നും 180 ആയി കുറഞ്ഞിട്ടുണ്ട്. ഇനി പുതുതായി ഏതെങ്കിലും കേസുകള്‍ ഉയര്‍ന്നു വന്നാല്‍ അതു കൂടി പരിശോധിക്കും.

കാണാതായവരുടെ പട്ടിക തയാറാക്കുകയാണ് പ്രധാന ദൗത്യമെന്ന് മന്ത്രി രാജന്‍ പറഞ്ഞു. ഇതിനായി അങ്കണവാടി, ആശ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും. ഇന്നലെ ആളുകള്‍ കണ്ടെത്തിയ മൃതദേഹം രാവിലെ എയര്‍ലിഫ്റ്റ് ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. ചാലിയാര്‍ കേന്ദ്രീകരിച്ച് വ്യത്യസ്തമായ തരത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്ന് ബോധ്യമായി. അതിനായി എന്‍ഡിആര്‍എഫിന്റെ കൂടി സഹായം തേടുമെന്നും മന്ത്രി രാജന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.