കണ്ണീരില്‍ കുതിര്‍ന്ന് പുത്തുമല; സ‍ർവമത പ്രാർത്ഥനയോടെ വയനാട്ടിൽ കൂട്ട സംസ്കാരം

കണ്ണീരില്‍ കുതിര്‍ന്ന് പുത്തുമല; സ‍ർവമത പ്രാർത്ഥനയോടെ വയനാട്ടിൽ കൂട്ട സംസ്കാരം

കൽപ്പറ്റ: മുണ്ടക്കൈ - ചുരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ചരില്‍ ഇതുവരെ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്‌കരിച്ചപ്പോള്‍ കണ്ണീരില്‍ നനഞ്ഞ് പുത്തുമല. 200 കുഴിമാടങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. 31 മൃതദേഹങ്ങളും 154 ശരീര ഭാ​ഗങ്ങളുമാണ് ഇന്ന് സംസ്കരിച്ചത്. വിവിധ ഘട്ടങ്ങളിലായി ആംബുലൻസിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ചാണ് സംസ്കാരം നടത്തിയത്. അവസാന നിമിഷങ്ങളിൽ മഴ കനത്തത് സംസ്കാര ചടങ്ങിന് പ്രതിസന്ധിയായി. തുടർന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ ടാര്‍പോളിന്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്കാര ചടങ്ങുകള്‍ നടത്തിയത്.

സർവമത പ്രാർത്ഥനയോടെയായിരുന്നു കൂട്ട സംസ്കാരം. പകൽ മുഴുവൻ നീണ്ട സജ്ജീകരണങ്ങൾക്ക് ശേഷമാണ് സംസ്കാരം നടത്തിയത്. ഓരോ ശരീര ഭാ​ഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരി​ഗണിച്ചായിരുന്നു സംസ്കാരം. ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാർത്ഥനകളും അന്ത്യോപചാരവും നൽകിയാണ് ഓരോന്നും അടക്കം ചെയ്തത്.

സംസ്‌കരിച്ച ശരീര ഭാഗങ്ങളുടെ ഡിഎന്‍എ നമ്പര്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മുന്‍പായി ഇന്‍ക്വസ്റ്റ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയിരുന്നു. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ളവയുടെ ഫലം വരുന്ന മുറയ്ക്കായിരിക്കും നമ്പരുകള്‍ക്ക് പീന്നീട് മേല്‍വിലാസമുണ്ടാകുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.