മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക് നൽകാവുന്ന പൈതൃക സമ്പത്ത് പണമല്ല പങ്കുവച്ചു നൽകുന്ന സ്നേഹമാണ്: ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ

മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക് നൽകാവുന്ന പൈതൃക സമ്പത്ത് പണമല്ല പങ്കുവച്ചു നൽകുന്ന സ്നേഹമാണ്: ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ഭൗതികമായ കാര്യങ്ങൾ ജീവിതത്തെ പൂർണ്ണതയിലേക്ക് നയിക്കുകയില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. സ്വാർത്ഥതയില്ലാതെ സ്നേഹിക്കുകയും നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്ന സ്നേഹത്തിന്റെ പാതയാണ് നമ്മുടെ ജീവിതത്തെ നിറവുള്ളതാക്കി മാറ്റുന്നതെന്ന് പാപ്പ കൂട്ടിച്ചേർത്തു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ച മധ്യാഹ്ന പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടിയ തീർത്ഥാടകരെയും സന്ദർശകരെയും അഭിസംബോധന ചെയ്ത് സുവിശേഷ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ. അപ്പം വർധിപ്പിച്ചു നൽകിയ അത്ഭുതത്തിനു ശേഷം ജനക്കൂട്ടങ്ങൾ യേശുവിനെ അന്വേഷിച്ച് അവൻ്റെ പിന്നാലെ പോയതിനെക്കുറിച്ച് യോഹന്നാന്റെ സുവിശേഷത്തിൽ വിവരിക്കുന്ന ഭാഗമാണ് (യോഹന്നാൻ 6: 24-35) പാപ്പാ ഈയാഴ്ച വിചിന്തനവിഷയമാക്കിയത്.

നമുക്കുള്ളത് അർപ്പിക്കുക

ഏതാനും അപ്പക്കഷണങ്ങളും മത്സ്യവും വർധിപ്പിച്ചുനൽകി ഒരു വലിയ ജനക്കൂട്ടത്തെ മുഴുവൻ യേശു തൃപ്തിപ്പെടുത്തി. ഓരോരുത്തരും തങ്ങൾക്കുള്ളത് അർപ്പിച്ചാൽ, അത് എത്ര ചെറുതാണെങ്കിൽ പോലും, ദൈവത്തിന്റെ സഹായത്താൽ എല്ലാവർക്കും എങ്ങനെ പ്രയോജനപ്പെടും എന്ന് ഈ അത്ഭുതം നമ്മെ പഠിപ്പിക്കുന്നു - മാർപാപ്പ ഊന്നിപ്പറഞ്ഞു. എന്നാൽ ജനക്കൂട്ടം യേശു പ്രവർത്തിച്ച അത്ഭുതത്തിലും ശാരീരികമായ വിശപ്പിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനാൽ താൽക്കാലികമായി തൃപ്തിപ്പെട്ടെങ്കിലും തങ്ങൾക്കുണ്ടായ അനുഭവത്തിന്റെ ശരിയായ അർത്ഥം ഗ്രഹിക്കാൻ അവർക്കു സാധിച്ചില്ല.

യഥാർത്ഥ അപ്പം

ജനക്കൂട്ടത്തിന്റെ വിശപ്പ് ശമിക്കുകയും അവർ സംതൃപ്തരാകുകയും ചെയ്തെങ്കിലും നിത്യജീവന്റെ പാതയും മറ്റെന്തിനേക്കാളുമുപരി സംതൃപ്തി നൽകുന്ന അപ്പത്തിൻ്റെ രുചിയുമാണ് യഥാർത്ഥത്തിൽ അന്ന് ഈ അത്ഭുതത്തിലൂടെ വെളിപ്പെട്ടത്. യഥാർത്ഥമായ അപ്പം അന്നും ഇന്നും യേശു തന്നെയാണ്. നമ്മുടെ അവസ്ഥകൾ പങ്കിടാനും ദൈവത്തോടും നമ്മുടെ സഹോദരീസഹോദരന്മാരോടുമുള്ള കൂട്ടായ്മയുടെ ആനന്ദം നമുക്കു ദാനമായി നൽകാനും വേണ്ടി ആഗതനായ ദൈവത്തിന്റെ പ്രിയപുത്രനായ യേശു - പരിശുദ്ധ പിതാവ് വിശദീകരിച്ചു.

സ്നേഹത്തിന്റെ പാത

ഭൗതികമായ കാര്യങ്ങൾ നമ്മെ ജീവിതത്തിന്റെ പൂർണ്ണതയിലേക്ക് നയിക്കുകയില്ല എന്നാൽ, തനിക്കുവേണ്ടി ഒന്നും സൂക്ഷിക്കാതെ എല്ലാം പങ്കിടുന്ന സ്നേഹത്തിനു മാത്രമേ അത് സാധിക്കൂ - പരിശുദ്ധ പിതാവ് പറഞ്ഞു. മക്കളുടെ നല്ല ഭാവിക്കുവേണ്ടി അധ്വാനിക്കുന്ന മാതാപിതാക്കളുള്ള കുടുംബങ്ങൾ ഇതിന് ഒരു ഉത്തമ ഉദാഹരണമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. പരസ്പരം പിന്തുണയ്ക്കാനും നന്ദി പ്രകടിപ്പിക്കാനും അതിലൂടെ കുട്ടികളും പഠിക്കുന്നു.
ഒരു അപ്പനും അമ്മക്കും തങ്ങളുടെ മക്കൾക്കു നൽകാവുന്ന ഏറ്റവും നല്ല പൈതൃകസമ്പത്ത് പണമല്ല മറിച്ച്, ദൈവം നൽകുന്നതുപോലെ എല്ലാം പങ്കുവച്ചു നൽകുന്ന സ്നേഹം അവർക്ക് കൊടുക്കുക എന്നതാണ്. സ്നേഹം എന്താണെന്ന് അങ്ങനെ അവർ നമ്മെ പഠിപ്പിക്കുന്നു.

ഭൗതികവസ്തുക്കളുമായുള്ള നമ്മുടെ ബന്ധം എപ്രകാരമാണെന്ന് ചിന്തിക്കണമെന്ന് മാർപാപ്പ നിർദ്ദേശിച്ചു. നാം അവയെ മുറുകെ പിടിക്കുന്നവരാണോ അതോ, നമ്മുടെ സ്നേഹവും ആനന്ദവും പ്രകടിപ്പിക്കാൻ സ്വതന്ത്ര മനസ്സോടെ അവ പങ്കുവയ്ക്കുന്നവരാണോ? നമുക്ക് ലഭിച്ച ദാനങ്ങളെപ്രതി നാം നന്ദിയുള്ളവരാണോ? - പാപ്പാ ചോദിച്ചു.
യേശുവിനായി തൻ്റെ ജീവിതം മുഴുവൻ നൽകിയ പരിശുദ്ധ മറിയം നമുക്കുള്ളവയെല്ലാം സ്നേഹത്തിൻ്റെ ഉപകരണങ്ങളാക്കിത്തീർക്കാൻ നമ്മെ പഠിപ്പിക്കട്ടെ എന്ന പ്രാർത്ഥനാശംസയോടെ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.