'സാധാരണ മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്തുന്നു'; കേന്ദ്ര മന്ത്രിക്കെതിരെ മുഖ്യമന്ത്രി

'സാധാരണ മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്തുന്നു'; കേന്ദ്ര മന്ത്രിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രി ഭൂപേന്ദര്‍ യാദവ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ ഉരുള്‍പൊട്ടലിന് കാരണം ഖനനവും അനധികൃത കുടിയേറ്റവുമാണെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ പരാമര്‍ശം ദുരാരോപണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തില്‍പ്പെട്ട മനുഷ്യരെ അപമാനിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ വാക്കുകളെന്നും അദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സങ്കുചിത താല്‍പര്യത്തിന് വേണ്ടി ചിലര്‍ ദുരന്തത്തെ ഉപയോഗിക്കുന്ന ദൗര്‍ഭാഗ്യകരമാണെന്നും അദേഹം വ്യക്തമാക്കി. ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായപ്പോള്‍ ആദ്യം വിളിച്ചത് രാഹുല്‍ ഗാന്ധിയാണ്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മൂന്നാമതായി ആഭ്യന്തര മന്ത്രി അമിത് ഷായും വിളിച്ച് വിവരങ്ങള്‍ തിരക്കി. കേന്ദ്രത്തിനായി വിളിച്ച രണ്ട് പേരും എന്ത് സഹായവും നല്‍കാന്‍ സന്നദ്ധരാണെന്ന രീതിയിലാണ് സംസാരിച്ചത്. എന്നാല്‍ ചിലരുടെ നിലപാട് മാറി.

അനേകം പേരുടെ ജീവനും ജീവിതവുമെടുത്ത ദുരന്തമാണിത്. മാനസികാഘാതത്തില്‍ നിന്നു കേരളമാകെ മോചിതരായിട്ടില്ല എന്നതാണ് വസ്തുത. ഈ ദുരന്തം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സംയുക്തമായി നടപടിയെടുക്കുകയാണ് വേണ്ടത്. ശാസ്ത്രീയ മാര്‍ഗത്തിലൂടെ ഇതിന് സാധിക്കണം. അതിന് കേന്ദ്രത്തിനും ഇതില്‍ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിജീവനത്തിന്റെ പ്രശ്‌നമാണ്. ആഴത്തിലുള്ള ചിന്തകള്‍ക്കും കൂട്ടായ പരിശ്രമങ്ങള്‍ക്കും മുന്‍പുള്ള ഘട്ടമാണിത്. ഈ ഘട്ടത്തില്‍ ഒന്നിച്ചു നില്‍ക്കണം. സങ്കുചിത താല്‍പര്യങ്ങള്‍ക്കായി ചിലരെങ്കിലും അവസരം ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. അക്കൂട്ടത്തില്‍ ഉത്തരവാദിത്വപ്പെട്ടവരും ഉള്‍പ്പെടുന്നത് അങ്ങേയറ്റം അപലപനീയമാണ്.

ബഹുമാനപ്പെട്ട കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ പ്രസ്താവന ദൗര്‍ഭാഗ്യവശാല്‍ അത്തരത്തിലുള്ളതാണ്. പ്രാദേശിക ഭരണ സംവിധാനത്തിന്റെ ഒത്താശയോടെ നടക്കുന്ന അനധികൃത മനുഷ്യവാസവും ഭൂമി കൈയേറ്റവും അനധികൃത ഖനനവും ഒക്കെയാണ് മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിന്റെ കാണമെന്ന് അദേഹം പറഞ്ഞിരുന്നു. ഇത്തരം ദുരാരോപണത്തിലൂടെ ദുന്തത്തിനിരയായ മനുഷ്യരെ മന്ത്രി അപമാനിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാണിവിടുത്തെ അനധികൃത കുടിയേറ്റക്കാര്‍. ഈ ദുരന്തത്തില്‍ മണ്ണടിഞ്ഞ എസ്റ്റേറ്റിലെ തൊഴിലാളികളോ. തങ്ങളുടെ തുണ്ടു ഭൂമിയില്‍ ജീവിച്ച സാധാരണ മനുഷ്യരോ. കേരളത്തിലെ മലയോര മേഖലയെക്കുറിച്ച് ചെറിയ ധാരണയെങ്കിലും ഉള്ളവര്‍ക്ക് അവിടെ ജീവിക്കുന്ന മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്താന്‍ സാധിക്കില്ല.

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കേരളത്തിലെ മലയോര മേഖലയിലേക്കുള്ള കുടിയേറ്റത്തിന്, ദുഷ്‌കരമായ സാഹചര്യങ്ങളോടു മല്ലിട്ട് അവര്‍ പടുത്തുയര്‍ത്തിയ ജീവിതത്തിനും സംസ്‌കാരത്തിനും സുദീര്‍ഘമായ ചരിത്രമുണ്ട്. അതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാതെ മലയോര ജനതയെ കുടിയേറ്റക്കാരെന്ന ഒരൊറ്റ അച്ചില്‍ ഒതുക്കുന്ന പ്രചാരണങ്ങള്‍ക്ക് ഒരു കേന്ദ്ര മന്ത്രി തയ്യാറാകുന്നത് ഏറ്റവും ചുരുങ്ങിയ രീതിയില്‍ പറഞ്ഞാല്‍ ഔചിത്യമല്ല.

അനധികൃത ഖനനം നടന്നതിനാലാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിതെന്നാണ് അദേഹത്തിന്റെ മറ്റൊരു വിചിത്ര വാദം. എന്നാല്‍ മുണ്ടക്കൈ ലാന്‍ഡ് സ്ലൈഡ് ഏരിയയില്‍ നിന്നു അടുത്ത ക്വാറിയിലേക്കുള്ള ദൂരം 10.02 കിലോ മീറ്ററാണ്. ഇതാണ് സത്യമെന്നിരിക്കേ എന്തിനാണ് കേന്ദ്ര മന്ത്രി തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.