ജസ്റ്റിസ് ഹേമകമ്മിറ്റി റിപ്പോര്‍ട്ട്; നിര്‍ണായക വിധി ചൊവ്വാഴ്ച

 ജസ്റ്റിസ് ഹേമകമ്മിറ്റി റിപ്പോര്‍ട്ട്; നിര്‍ണായക വിധി ചൊവ്വാഴ്ച

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ചൊവ്വാഴ്ച ഹൈക്കോടതി വിധി പറയും. ഹര്‍ജിക്കാരന്റെയും വിവരാവകാശ കമ്മിഷനും സര്‍ക്കാരും ഉള്‍പ്പടെയുള്ള എതിര്‍കക്ഷികളുടെയും വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.

സംസ്ഥാന വനിത കമ്മീഷന് പിന്നാലെ കേസില്‍ കക്ഷി ചേര്‍ന്ന ഡബ്ല്യുസിസിയും റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരുടെ നടപടി ഏറെ സംശയാസ്പദമെന്നാണ് ഡബ്ല്യുസിസിയുടെ വാദം. അതേസമയം രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എല്ലാ ഭാഗങ്ങളുടെയും വാദം കേട്ട സാഹചര്യത്തില്‍ ഹര്‍ജിയില്‍ ചൊവ്വാഴ്ച വിധി പറയാമെന്നാണ് ഹൈക്കോടതി ജസ്റ്റിസ് വിജി അരുണ്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഹര്‍ജിക്കാരന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി യാതൊരു ബന്ധവുമില്ലെന്നും അതിനാല്‍ ഈ ആവശ്യം തള്ളണമെന്നുമായിരുന്നു വിവരാവകാശ കമ്മീഷന്റെയും സര്‍ക്കാരിന്റെയും വാദം. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ ഹേമ കമ്മിറ്റിയുടെ ഉദേശം തന്നെ അപ്രസക്തമാകുമെന്നും വനിതാ കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ചലച്ചിത്ര പ്രവര്‍ത്തകരായ വനിതകളുടെ സംഘടന വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആവശ്യം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നിര്‍മാതാവായ സജിമോന്‍ പറയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇത് സ്റ്റേ ചെയ്തത്. തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി നടന്ന വാദമാണ് ഇന്ന് പൂര്‍ത്തിയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.