കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അനാഥരാക്കപ്പെട്ട കുട്ടികളെ ഏറ്റെടുക്കാമെന്ന പേരില്‍ ഒട്ടേറെ അന്വേഷണങ്ങളെത്തുന്ന സാഹചര്യത്തില്‍ ദത്തെടുക്കലുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങളെക്കുറിച്ച് വിശദീകരണവുമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗം രംഗത്തെത്തി.
ദത്തെടുക്കലിന് പിന്‍തുടരേണ്ട സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ട്. ഇതിന് വിധേയമായി മാത്രമേ കുട്ടികളെ ദത്തെടുക്കാനാകൂ. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അനാഥമായ കുട്ടികളെ കണ്ടെത്തിയിട്ടില്ല.
മാതാപിതാക്കളെ നഷ്ടപ്പെട്ടതും സംരക്ഷണവും കരുതലും ആവശ്യമായ കുഞ്ഞുങ്ങളെ 2015 ലെ കേന്ദ്ര ബാലനീതി നിയമപ്രകാരമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടികളുടെ സംരക്ഷണത്തിന് നേതൃത്വം നല്‍കുന്നത്. സെന്റര്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്ക് വിധേയമായി യോഗ്യരായവര്‍ക്കാണ് കുട്ടികളെ ദത്തെടുക്കാന്‍ കഴിയുക.
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കണ്ടെത്തിയതും ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ സംരക്ഷിച്ച് വരുന്നതുമായ ആറ് മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം ഒരുക്കുന്നതിനും താല്‍കാലികമായ ഒരു കാലയളവിലേക്ക് കുട്ടികളെ പോറ്റി വളര്‍ത്തുന്നതിനും നിയമപ്രകാരം സാധിക്കും. ബാലനീതി നിയമം 2015, അഡോപ്ഷന്‍ റെഗുലേഷന്‍ 2022 എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലാണിത്. htt://cara.wcd.gov.in വെബ്‌സൈറ്റ് വഴി ഇതിനായി രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി - 04936 285050, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് - 04936 246098.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.