വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള അനേകം പ്രദേശങ്ങളുണ്ട്; അവയെ 'സേഫ്, അണ്‍സേഫ് ഏരിയ' എന്നിങ്ങനെ തരംതിരിക്കുമെന്ന് ജോണ്‍ മത്തായി

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള അനേകം പ്രദേശങ്ങളുണ്ട്;  അവയെ 'സേഫ്, അണ്‍സേഫ് ഏരിയ' എന്നിങ്ങനെ തരംതിരിക്കുമെന്ന് ജോണ്‍ മത്തായി

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ അനേകം ഉണ്ടെന്നും 300 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ പെയ്യുകയാണെങ്കില്‍ അവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലാണെന്നും ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി.

സൂക്ഷ്മ രീതിയില്‍ അവ തരം തിരിച്ചെടുക്കേണ്ടത് ആവശ്യമാണ്. വയനാട്ടില്‍ 'സേഫ് ഏരിയ, അണ്‍സേഫ് ഏരിയ' ഏതൊക്കെ എന്ന് തരം തിരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദുരന്തത്തെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ വയനാട്ടിലെത്തിയ അദേഹം പറഞ്ഞു. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗം സംഘമാണ് ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ പരിശോധനയ്‌ക്കെത്തിയത്.

ചൂരല്‍ മലയില്‍ ഉരുള്‍പൊട്ടിയ സ്ഥലം മുതല്‍ താഴേക്ക് വന്ന് പരിശോധിക്കും. എന്താണ് ഉരുള്‍പൊട്ടലിന് കാരണമെന്നും പ്രഭവ കേന്ദ്രമേതെന്നും പരിശോധിക്കും. സുരക്ഷിതമായ പ്രദേശങ്ങള്‍ ഏതൊക്കെ, ദുര്‍ബല പ്രദേശങ്ങള്‍ ഏതൊക്കെ, ഇനി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

എത്രയും പെട്ടെന്ന് തന്നെ പഠനം തീര്‍ത്ത് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് തുടര്‍ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. പരിശോധന കഴിയുന്ന മുറയ്ക്ക് പുനരധിവാസത്തിനായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കുമെന്നും ജോണ്‍ മത്തായി പറഞ്ഞു.

കേടുപാടുകള്‍ പറ്റാത്ത വീടുകളില്‍ ആളുകള്‍ക്ക് താമസം സാധ്യമാണോ എന്ന ചോദ്യത്തിന് സേഫ് ഏരിയ അണ്‍സേഫ് ഏരിയ എന്നിങ്ങനെ തിരിച്ച ശേഷം കേടുപാടുകള്‍ സംഭവിക്കാത്ത വീടുകളുണ്ടെങ്കില്‍, സേഫ് ഏരിയ ആണെങ്കില്‍ അവയെ ഉപയോഗ പ്രദമാക്കുമെന്നും അദേഹം പറഞ്ഞു.

സി.ഡബ്ല്യു.ആര്‍.എം. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി.കെ. ദൃശ്യ, സൂറത്ത്കല്‍ എന്‍.ഐ.ടി. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീവല്‍സ കൊളത്തയാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.