കാഫിര്‍ പോസ്റ്റ്: അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി; ലതിക ഷെയര്‍ ചെയ്തത് തെറ്റെന്ന് കെ.കെ ഷൈലജ; വിവാദത്തിന് പിന്നില്‍ സിപിഎം എന്ന് ഷാഫി

കാഫിര്‍ പോസ്റ്റ്: അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി; ലതിക ഷെയര്‍ ചെയ്തത് തെറ്റെന്ന് കെ.കെ ഷൈലജ; വിവാദത്തിന് പിന്നില്‍ സിപിഎം എന്ന് ഷാഫി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറെ വിവാദം സൃഷ്ടിച്ച വടകരയിലെ 'കാഫിര്‍' പോസ്റ്റിനു പിന്നില്‍ സിപിഎം ഗ്രൂപ്പുകളാണോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു ഗ്രൂപ്പുകള്‍ പോസ്റ്റ് പ്രചരിപ്പിച്ചു എന്ന പൊലീസ് റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെയാണ് കണ്ടത്. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അത് പരിശോധിച്ച ശേഷം എന്താണെന്ന് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ സിപിഎം മുന്‍ എംഎല്‍എ കെ.കെ ലതികയ്‌ക്കെതിരെ കെ.കെ ഷൈലജ എംഎല്‍എ രംഗത്തെത്തി. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കെ.കെ ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന് ഷൈലജ പറഞ്ഞു. സ്‌ക്രീന്‍ ഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു കെ.കെ ലതികയുടെ മറുപടിയെന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു.

കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണം. യഥാര്‍ത്ഥ ഇടത് ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടറി തന്നെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട്. കാഫിര്‍ പോസ്റ്റ് മാത്രമല്ല, കാന്തപുരത്തിന്റെ പേരില്‍ വ്യാജ ലെറ്റര്‍ ഹെഡില്‍ വന്ന പ്രചരണവും അന്വേഷിക്കണമെന്നും കെ.കെ ഷൈലജ പറഞ്ഞു.

കാഫിര്‍ പ്രചരണം സിപിഎമ്മിന്റെ ഭീകര പ്രവര്‍ത്തനമെന്ന വി.ഡി സതീശന്റെ ആരോപണത്തിന്, അങ്ങനെയെങ്കില്‍ കാന്തപുരത്തിന്റെ വ്യാജ ലെറ്റര്‍ ഹെഡ് ഇറക്കിയതും ഭീകര പ്രവര്‍ത്തനമാണെന്ന് ഷൈലജ പ്രതികരിച്ചു.

ഭീകര പ്രവര്‍ത്തനത്തിന് സമാനമായ കാര്യമാണ് വടകരയിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. പിന്നില്‍ ആരാണെന്ന് പൊലീസിന് അറിയാം. മുന്‍ എംഎല്‍എ കെ.കെ ലതിക ഉള്‍പ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാണ്. പിന്നില്‍ ആരാണെന്ന് അറിയാമെങ്കിലും പൊലീസ് പറയില്ല. യഥാര്‍ത്ഥ പ്രതികളെ പുറത്ത് എത്തിക്കും വരെ നിയമപോരാട്ടം തുടരുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കാഫിര്‍ വിവാദത്തിന് പിന്നില്‍ അടിമുടി സിപിഎമ്മുകാരാണന്നും പൊലീസ് അവരെ പ്രതികളാക്കുന്നില്ലെന്നും വടകര എംപി ഷാഫി പറമ്പില്‍ പ്രതികരിച്ചു. വര്‍ഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോല്‍ക്കുന്നതാണ്. സിപിഎം പ്രവര്‍ത്തകര്‍ തന്നെ ഇതിനെ എതിര്‍ക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടേയും ഒറ്റ ബുദ്ധിയില്‍ തോന്നിയതല്ല ഇത്. പാര്‍ട്ടി പങ്കുള്ളതിനാല്‍ അന്വേഷണം വൈകുന്നുവെന്നും ഷാഫി ആരോപിച്ചു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു തലേന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങിയ ഇടത് ഫെയ്‌സ് ബുക്ക് പേജുകളില്‍ വ്യാജ കാഫിര്‍ ഷോട്ട് പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് ഖാസിമിനെ പ്രതിയാക്കുകയും ചെയ്തു.

ഇതിനെതിരെ ഖാസിം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ പൊലീസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എത്തിയത്. റെഡ് എന്‍കൗണ്ടേഴ്‌സ്, റെഡ് ബറ്റാലിയന്‍ എന്നീ വാട്‌സ് അപ് ഗ്രൂപ്പുകളില്‍ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങിയ ഫെയ്‌സ് ബുക്ക് പേജുകളിലേക്ക് വ്യാജ സ്‌ക്രീന്‍ ഷോട്ട്് എത്തിയത്. അന്വേഷണത്തോട് സഹകരിക്കാത്ത ഫെയ്‌സ് ബുക്കിന്റെയും വാട്‌സ് ആപ്പിന്റെയും മാതൃ കമ്പനിയായ മെറ്റയെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.