കെയ്ന്‍സ്: ഓസ്‌ട്രേലിയയിലെ കെയ്ന്‍സിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിനോദ സഞ്ചാര ഏജന്‍സിയുടെ ഹെലികോപ്ടറാണ് ആഡംബര ഹോട്ടലിലേക്ക് ഇടിച്ച് കയറി അഗ്‌നിഗോളമായത്. നാല് മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപനത്തിലെ ഗ്രൗണ്ട് ഡ്യൂട്ടി ജീവനക്കാരനായി ജോലിക്ക് ചേര്‍ന്ന ന്യൂസിലന്‍ഡ് സ്വദേശിയായ 23കാരന്‍ ബ്ലേക്ക് വില്‍സണാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
ക്വീന്‍സ്ലന്‍ഡ് ആസ്ഥാനമായുള്ള ഹെലികോപ്റ്റര്‍ ടൂര്‍ ഏജന്‍സിയായ നോട്ടിലസ് ഏവിയേഷന്റേതാണ് തകര്‍ന്നുവീണ ഹെലികോപ്റ്റര്‍. ന്യൂസിലന്‍ഡില്‍ ഹെലികോപ്ടര്‍ ലൈസന്‍സ് നേടിയിട്ടുള്ള ബ്ലേക്ക് ഓസ്‌ട്രേലിയയില്‍ ഹെലികോപ്ടര്‍ പറത്തിയിരുന്നില്ല. അനധികൃതമായി ഹെലികോപ്ടറെടുത്ത് പറത്തുന്നതിനിടയിലാണ് അപകടമുണ്ടായത്.
നാല് മാസമായി നോട്ടിലസ് ഏവിയേഷനില്‍ ജോലി ചെയ്തിരുന്ന ബ്ലേക്കിന് അടുത്തിടെ ഇതേ കമ്പനിയുടെ മറ്റൊരു ബേസിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. കൊല്ലപ്പെട്ടതിന്റെ തലേദിവസം ഇദ്ദേഹം രാത്രി സ്റ്റാഫ് അംഗങ്ങളുമൊത്ത് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്ന് തൊഴിലുടമ പറഞ്ഞു. ഇതിനു പിന്നാലെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഹെലികോപ്ടര്‍ അനധികൃതമായി പറത്തുന്നതിനിടയിലാണ് അപകടമുണ്ടായത്.
നാനൂറിലേറെ പേര്‍ താമസിച്ചിരുന്ന ആഡംബര ഹോട്ടലിലേക്ക് ഹെലികോപ്ടര്‍ ഇടിച്ച് കയറിയതോടെ പ്രദേശത്ത് വലിയ ആശങ്കയാണ് ഉണ്ടായത്.
പാര്‍ട്ടിക്ക് പിന്നാലെ ഓഫ് ഡ്യൂട്ടിയിലായിരുന്ന പൈലറ്റുമാരില്‍ നിന്നാണ് ഹെലികോപ്ടര്‍ ഹാങ്ങറിലേക്ക് പ്രവേശിക്കാനുള്ള അവസരം ലഭിച്ചത്. തുടര്‍ന്ന് ഹെലികോപ്ട െപറന്ന് പൊന്തുകയായിരുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ പൊലീസിനെ ഉദ്ധരിച്ച് വിശദമാക്കുന്നത്.
വളരെ താഴ്ന്ന് പറന്നതിന് ശേഷം ഒന്നിലധികം തവണ ആഡംബര ഹോട്ടലിനെ വലംവച്ച ശേഷമാണ് ഇയാള്‍ ഓടിച്ചിരുന്ന ഹെലികോപ്ടര്‍ കെയ്ന്‍സിലെ ആഡംബര ഹോട്ടലായ ഡബിള്‍ ട്രീ ബൈ ഹില്‍ട്ടണിലേക്ക് ഇടിച്ച് കയറിയതെന്ന് ദൃക്‌സാക്ഷികള്‍ നേരത്തെ വിശദമാക്കിയിരുന്നു. അപകടത്തില്‍ ഹെലികോപ്ടര്‍ അഗ്‌നി ഗോളമാവുകയും പൈലറ്റ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. അപകടത്തിന് പിന്നാലെ ഹോട്ടലിലുണ്ടായിരുന്ന നൂറ് കണക്കിന് പേരെയാണ് ഒഴിപ്പിക്കേണ്ടി വന്നത്. ഇതിനിടെ ഹോട്ടലില്‍ തങ്ങിയിരുന്ന രണ്ട് വയോധികര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കനത്ത മഴയുള്ള സമയത്താണ് അപകടമുണ്ടായത്.
ലൈറ്റുകളൊന്നുമില്ലാതെ മഴ പെയ്യുന്ന സാഹചര്യത്തില്‍ വളരെ താഴ്ന്ന് പറന്ന ശേഷമാണ് ഹെലികോപ്ടര്‍ ഹോട്ടല്‍ കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയതെന്നാണ് സംഭവത്തിന്റെ ദൃക്‌സാക്ഷികളിലൊരാള്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26