കേസെടുത്ത് അന്വേഷിക്കണം എന്ന ശുപാര്‍ശ ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
സ്ത്രീകളുടെ വെളിപ്പെടുത്തല്‍ അടങ്ങുന്ന അതീവ രഹസ്യാത്മക റിപ്പോര്‍ട്ടെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പുറത്ത് വരുന്നതിന് സര്‍ക്കാര്‍ എതിരല്ല. സാക്ഷികളുടെ വിശ്വാസം പൂര്‍ണമായും സംരക്ഷിക്കണമെന്ന് റിപ്പോര്‍ട്ട് എടുത്ത് പറയുന്നുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
പരാതിയില്ലാതെ കേസെടുക്കാനാവില്ല. കമ്മിറ്റി മുമ്പാകെ മൊഴി നല്‍കിയ ആരെങ്കിലും പരാതിയുമായി വന്നാല്‍ എത്ര ഉന്നതനായാലും ഉചിതമായ നിയമ നടപടിയുണ്ടാവും. ഇത് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പാണ്. ഉണ്ടാകാന്‍ പാടില്ലാത്ത അപജയങ്ങള്‍ സിനിമാ മേഖലയില്‍ ഉണ്ട്. അതിന് പരിഹാരം വേണം. അതിന് തന്നെയാണ് കമ്മീഷനെ വച്ചതെന്നും പിണറായി വ്യക്തമാക്കി.
സിനിമയ്ക്കുള്ളില്‍ സിനിമയെ വെല്ലുന്ന തിരക്കഥ പാടില്ല. മാന്യമായ തൊഴിലവസരം ഉണ്ടാക്കാന്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ തന്നെ മുന്‍കയ്യെടുക്കണം. ഗ്രൂപ്പുകളോ കോക്കസുകളോ ഭരിക്കുന്നതാകരുത് സിനിമ. ലൈംഗികമായാലും മാനസികമായാലും ശാരീരികമായാലും ചൂഷകരോട് സര്‍ക്കാരിന് സന്ധിയില്ല. കഴിവും സര്‍ഗാത്മകതയുമായിരിക്കണം മാനദണ്ഡം.
സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധ പ്രവണതകളെ ശക്തമായി നേരിടും. അതിന് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ഇനിയും ചെയ്യാന്‍ തന്നെയാണ് തീരുമാനം. പൊതു സ്വഭാവത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒരു രേഖയല്ല പൊലീസിന് മുന്നിലും എത്തിയത്. കേസെടുത്ത് അന്വേഷിക്കണം എന്ന ശുപാര്‍ശ ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹേമ കമ്മിറ്റി നല്‍കിയിട്ടുള്ള ശുപാര്‍ശകള്‍ അതീവ പ്രാധാന്യത്തോടെ പരിഗണിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ശുപാര്‍ശ നടപ്പാക്കുന്നതിന് പൊതു മാര്‍ഗരേഖ കൊണ്ടുവരാന്‍ സര്‍ക്കാരിന് അവകാശമുണ്ടോ എന്നും പരിഗണിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സമിതി രൂപം കൊണ്ടത്.
സിനിമാ സീരിയല്‍ രംഗത്തെ ചൂഷണം തടയാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ട്. ഭാരിച്ച സാമ്പത്തിക ബാധ്യത വരുന്ന നിര്‍ദ്ദേശം ആണിത്. എന്നാലും ട്രൈബ്യൂണല്‍ ഗൗരവമായി തന്നെ പരിഗണിക്കും. വിപുലമായ ചര്‍ച്ച നടത്തി സിനിമാ നയം രൂപീകരിക്കും. അതിനായി കോണ്‍ക്ലേവ് അടക്കം അഭിപ്രായ രൂപീകരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.