തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് ഇന്നലെ കാണാതായ പതിമൂന്ന് വയസുകാരിയെക്കുറിച്ച് 28 മണിക്കൂര്‍ പിന്നിട്ടിട്ടും സൂചനയില്ല.
കുട്ടി കന്യാകുമാരിയിലുണ്ടെന്ന നിഗമനത്തില്‍ അവിടെത്തെ റെയില്‍വേ സ്റ്റേഷനും ബീച്ചും മറ്റിടങ്ങളിലുമെല്ലാം പൊലീസ് അരിച്ചു പെറുക്കിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചില്ല. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും കുട്ടിയെ കണ്ടെത്താനായില്ല.
കന്യാകുമാരിയില്‍ നിന്ന് മറ്റെവിടേക്കെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന സംശയത്തില്‍ ട്രെയിനുകള്‍ കേന്ദ്രീകരിച്ച് പൊലീസും ആര്‍പിഎഫും തിരച്ചില്‍ തുടരുകയാണ്. കുട്ടി തിരുവനന്തപുരത്തേക്ക് മടങ്ങാനുള്ള സാധ്യത മുന്നില്‍ക്കണ്ട് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും ട്രെയിനുകളിലും ബസുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.
കന്യാകുമാരി, നാഗര്‍കോവില്‍ തുടങ്ങിയ മേഖലകളില്‍ കേരള പൊലീസും തമിഴ്നാട് പൊലീസും സംയുക്തമായി നടത്തുന്ന തെരച്ചില്‍ തുടരുകയാണ്. കഴക്കൂട്ടം സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അന്‍വര്‍ ഹുസൈന്റെ മൂത്തമകള്‍ തസ്മിന്‍ ബീഗത്തെയാണ് കാണാതായത്. സഹോദരങ്ങളുമായി വഴക്കിട്ടപ്പോള്‍ അമ്മ ശകാരിച്ചതില്‍ മനംനൊന്ത് വീടുവിട്ടിറങ്ങുകയായിരുന്നു.
മകളെ കാണാതായതിന്റെ വേദനയ്ക്കിടെ തങ്ങളെ സംബന്ധിച്ച അപവാദ പ്രചാരങ്ങളില്‍ കടുത്ത ദുഖത്തിലാണ് അന്‍വര്‍ ഹുസൈന്റെ കുടുംബം. കാണാതായ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചെന്നും ഇതേ തുടര്‍ന്നാണ് വീട് വിട്ടിറങ്ങിയതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മാത്രമല്ല ഒപ്പമുള്ളത് രണ്ടാനമ്മയാണെന്നും ചിലര്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഇതെല്ലാം തെറ്റാണെന്നാണ് കുടുംബം പറയുന്നത്. ആരോപണങ്ങള്‍ ശരിയല്ലെന്നും താന്‍ രണ്ടാനമ്മയല്ലെന്നും കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും മാതാവ് പറഞ്ഞു. കുട്ടികള്‍ തമ്മില്‍ അടികൂടിയപ്പോള്‍ താന്‍ ശകാരിക്കുക മാത്രമാണ് ചെയ്തതെന്നും ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ വിഷമമുണ്ടെന്നും മാതാവ് പറഞ്ഞു.
കുട്ടി ചെന്നൈയിലേക്ക് പോകാനിടയുണ്ടെന്നും സംശയിക്കുന്നു. കുട്ടിയുടെ സഹോദരന്‍ ചെന്നൈയിലാണ് താമസിക്കുന്നത്. കന്യാകുമാരിയില്‍ നിന്ന് തിരുനെല്‍വേലി റൂട്ടില്‍ ചെന്നൈയിലേക്ക് കുട്ടി പോകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. ചെന്നൈയില്‍ എത്തുന്നതിന് മുന്‍പ് കുട്ടിയെ കണ്ടെത്താനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു.
ആര്‍പിഎഫിന്റെയും തമിഴ്നാട് റെയില്‍വേ പൊലീസിന്റെയും സംയുക്ത സംഘമാണ് തമിഴ്‌നാട്ടില്‍ തിരച്ചില്‍ നടത്തുന്നത്. ചെന്നൈ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളില്‍ വിശദമായ തിരച്ചില്‍ നടത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.