പി.ആര്‍ ശ്രീജേഷിന് രണ്ട് കോടി, വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് സൗജന്യ ഓണക്കിറ്റ്, സ്‌കൂളുകളില്‍ 2325 തസ്തികകള്‍: മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

പി.ആര്‍ ശ്രീജേഷിന് രണ്ട് കോടി, വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് സൗജന്യ ഓണക്കിറ്റ്, സ്‌കൂളുകളില്‍ 2325 തസ്തികകള്‍: മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി.ആര്‍ ശ്രീജേഷിന് പാരിതോഷികമായി രണ്ട് കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളൂകളില്‍ 2023-2024 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്തിക നിര്‍ണയ പ്രകാരം, സര്‍ക്കാര്‍ മേഖലയിലെ 513 സ്‌കൂളുകളിലായി 957 അധിക തസ്തികകളും, 699 എയ്ഡഡ് സ്‌കൂളുകളിലായി 1368 അധിക തസ്തികകളും അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

ആകെ 1212 സ്‌കൂളുകളില്‍ നിന്നും 2325 അധ്യാപക, അനധ്യാപക അധിക തസ്തികകളാണ് അനുവദിക്കുക. പ്രതിമാസം 8,47,74,200 രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാകും. 2023 ഓക്ടോബര്‍ ഒന്ന് മുതലാണ് പ്രാബല്യം.

ഓണത്തോടനുബന്ധിച്ച് വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. സംസ്ഥാനത്തെ എഎവൈ കാര്‍ഡുടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും 13 ഇനം അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിന് 34.29 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു.

റേഷന്‍കടകള്‍ മുഖേനയാണ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക. തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, എന്നീ ഇനങ്ങളോടൊപ്പം തുണി സഞ്ചിയും നല്‍കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.