'രഞ്ജിത്ത് രാജിവെക്കണമെന്ന് പറയില്ല'; എത്ര ആലോചിച്ചിട്ടും പവര്‍ഗ്രൂപ്പ് എന്താണെന്ന് മനസിലാകുന്നില്ലെന്ന് മുകേഷ്

 'രഞ്ജിത്ത് രാജിവെക്കണമെന്ന് പറയില്ല'; എത്ര ആലോചിച്ചിട്ടും പവര്‍ഗ്രൂപ്പ് എന്താണെന്ന് മനസിലാകുന്നില്ലെന്ന് മുകേഷ്

കൊല്ലം: മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടാകാന്‍ ഇടയില്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. കോടിക്കണക്കിന് മുതല്‍ മുടക്കുന്ന സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടാകാന്‍ ഇടയില്ല. കഴിവ് നോക്കിയാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതെന്നും മുകേഷ് പറഞ്ഞു.

സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോയെന്ന് അറിയില്ല. സത്യം പറഞ്ഞാല്‍ അങ്ങനെയൊരു പവര്‍ ഗ്രൂപ്പൊന്നും സിനിമയില്‍ വരാന്‍ സാധ്യതയില്ല. അത് നിലനില്‍ക്കില്ല. എത്ര ആലോചിച്ചിട്ടും പവര്‍ ഗ്രൂപ്പ് എന്താണെന്ന് മനസിലാകുന്നില്ല. സിനിമയില്‍ ആരെയെങ്കിലും ഇല്ലാതാക്കാന്‍ പവര്‍ ഗ്രൂപ്പിന്റെ ഇടപെടല്‍ കൊണ്ട് നടക്കുമെന്ന് കരുതുനില്ല. എല്ലാം കഴിവിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് വിശ്വസിക്കുന്നതെന്നും മുകേഷ് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് കഴിഞ്ഞാല്‍ പരാതിയില്ലെന്ന് വനിതകള്‍ പറഞ്ഞാല്‍ എന്താകും സ്ഥിതി. പരാതിയുണ്ടെന്ന് അവര്‍ തന്നെ പറയട്ടെയെന്നും മുകേഷ് പറഞ്ഞു. പെണ്‍കുട്ടികള്‍ കലാരംഗത്ത് അന്തസോടെയും അഭിമാനത്തോടെയും ജോലി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. സ്ത്രീകളെ വിഷമിപ്പിച്ചുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കണം. ബംഗാളി നടിയുടെ ആരോപണത്തില്‍ സംവിധായകന്‍ രഞ്ജിത്ത് രാജിവെക്കണമെന്നോ രാജിവെക്കണ്ടെന്നോ പറയാന്‍ കഴിയില്ല. അയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ഞാന്‍ പിന്നെ എങ്ങനെ മുഖത്ത് നോക്കും. അന്വേഷിക്കട്ടെയെന്നുമായിരുന്നു മുകേഷിന്റെ പ്രതികരണം.

അമ്മ സംഘടനയിലെ കാര്യങ്ങള്‍ അതിന്റെ ഭാരവാഹികള്‍ പറയും. താന്‍ ഇപ്പോള്‍ ഭാരവാഹി അല്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം മാറ്റി അവര്‍ വരും. ഹേമ കമ്മിറ്റിയെ വച്ചത് തന്നെ വളരെ അഭിനന്ദനാര്‍ഹമായ കാര്യമാണ്. മറ്റു സംസ്ഥാനങ്ങള്‍ ഇത് കണ്ടുപഠിക്കണമെന്നും മുകേഷ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.