'മരണത്തിന്റെ മാലാഖ' എന്നറിയപ്പെടുന്ന കുപ്രസിദ്ധ അധോലോക ക്രിമിനല്‍ താരേഖ് അയൂബ് സിഡ്നിയില്‍ വെടിയേറ്റ് മരിച്ചു

'മരണത്തിന്റെ മാലാഖ' എന്നറിയപ്പെടുന്ന കുപ്രസിദ്ധ അധോലോക ക്രിമിനല്‍ താരേഖ് അയൂബ് സിഡ്നിയില്‍ വെടിയേറ്റ് മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ 'മരണത്തിന്റെ മാലാഖ' എന്നറിയപ്പെടുന്ന കുപ്രസിദ്ധ അധോലോക ക്രിമിനല്‍ താരേഖ് അയൂബ് വെടിയേറ്റ് മരിച്ചു. അധോലോക സംഘങ്ങളുടെ പകപോക്കലിന്റെ ഭാഗമായുണ്ടായ വെടിവയ്പ്പിലാണ് 29 വയസുകാരനായ താരേഖ് കൊല്ലപ്പെട്ടത്.

പടിഞ്ഞാറന്‍ സിഡ്നിയിലെ പാരമറ്റയില്‍ ഹരോള്‍ഡ് സ്ട്രീറ്റിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് വച്ച് ഇന്ന് (തിങ്കളാഴ്ച) പുലര്‍ച്ചെ മൂന്നരയോടെയാണ് വെടിവയ്പ്പുണ്ടായത്. നഗരത്തില്‍ ആറ് മാസത്തിനിടെ ഇതാദ്യമായാണ് ക്രിമിനല്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വെടിവയ്പ്പുണ്ടാകുന്നതും അതില്‍ ഒരാള്‍ കൊല്ലപ്പെടുന്നതും.

നിരവധി സംഘടിത കുറ്റകൃത്യ ശൃംഖലകളുമായി ബന്ധമുള്ള താരേഖിനെ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

അധോലോകത്തില്‍ താരേഖ് 'മരണത്തിന്റെ മാലാഖ' എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് ഡാനി ഡോഹെര്‍ട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'വാളെടുത്തവന്‍ വാളാല്‍ മരിച്ചു' എന്നാണ് ഡാനി ഡോഹെര്‍ട്ടി ഈ മരണത്തെ വിശേഷിപ്പിച്ചത്. താരേഖ് കൊലചെയ്യപ്പെട്ട രീതിയില്‍ പൊലീസിന് അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാരമറ്റയില്‍ തന്റെ സംഘാംഗത്തെ സന്ദര്‍ശിക്കാനാണ് താരേഖ് സംഭവ സ്ഥലത്തെത്തിയത്. കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്. ഒന്നിലധികം അക്രമികള്‍ ചേര്‍ന്ന് അയൂബിന് നേരെ നിരവധി തവണ വെടിയുതിര്‍ത്തു. പാരാമെഡിക്കുകള്‍ സംഭവസ്ഥലത്ത് എത്തി അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ച്ചയായ വെടിയൊച്ചകള്‍ കേട്ടാണ് സമീപവാസികള്‍ ഉണര്‍ന്നത്. പലരും വീടിനു പുറത്തിറങ്ങാന്‍ ഭയപ്പെട്ടു. ഈ സംഭവത്തിന് 15 മിനിറ്റിനുശേഷം പുലര്‍ച്ചെ 3:45 ന്, വെടിവയ്പ്പുണ്ടായ സ്ഥലത്തു നിന്ന് അഞ്ച് കിലോമീറ്റര്‍ മാറി ഗ്രാന്‍വില്ലിലെ അബെക്കറ്റ് സ്ട്രീറ്റില്‍ ഒരു കാറിന് തീപിടിച്ചതായും പൊലീസിന് വിവരം ലഭിച്ചു. മോഷണം പോയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഓഡി എസ്‌ക്യു കാറിനാണ് തീപിടിച്ചത്. ഈ വാഹനത്തില്‍ രണ്ട് പേര്‍ സ്ഥലം വിടുന്നത് കണ്ടതായി പോലീസിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. രണ്ട് സംഭവങ്ങളും ബന്ധമുള്ളതായാണ് പൊലീസ് ഡിറ്റക്ടീവുകളുടെ അനുമാനം.

ഒന്നിലധികം ക്രിമിനല്‍ ശൃംഖലകളുമായി അയൂബിന് ബന്ധമുണ്ടെന്നും സിഡ്നിയില്‍ നടന്ന നിരവധി കുറ്റകൃത്യങ്ങളില്‍ അയൂബിന്റെ പങ്കാളിത്തം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. 2017 ല്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അയൂബിനെതിരെ നേരത്തെ കേസെടുത്തിരുന്നു.

നഗരത്തില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും പൊതുസ്ഥലങ്ങളിലുണ്ടാകുന്ന വെടിവയ്പ്പുകള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.