ഒന്നിലധികം കേസുകള്‍; സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടിക്കും ദോഷം: മുകേഷിനെ സിപിഎം കൈവിട്ടേക്കും

ഒന്നിലധികം കേസുകള്‍; സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടിക്കും ദോഷം: മുകേഷിനെ സിപിഎം കൈവിട്ടേക്കും

തിരുവനന്തപുരം: നടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതോടെ എം. മുകേഷ് എംഎല്‍എയെ സിപിഎം കൈവിട്ടേക്കുമെന്ന് സൂചന. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ ഇതിനകം തന്നെ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു.

മുകേഷ് എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ, കെ. അജിത തുടങ്ങി നിരവധി സ്ത്രീകള്‍ ആവശ്യപ്പെട്ടു. എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തില്‍ 100 സ്ത്രീപക്ഷ ചിന്തകര്‍ ഒപ്പിട്ട് പ്രസ്താവനയിറക്കിയിറക്കുകയും ചെയ്തിരുന്നു. മുകേഷിനെതിരെ ഒന്നില്‍ കൂടുതല്‍ കേസുകളുള്ളതും പ്രതിസന്ധിയാണ്.

സിപിഎമ്മിനുള്ളില്‍ നിന്നും മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്. പീഡന ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുമെന്ന് പാര്‍ട്ടി മുകേഷിന് വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു.

അതിനുപിന്നാലെ കേസെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ, കേസെടുത്താല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടിവരുമെന്നും സൂചനകള്‍ നല്‍കിയിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിനാല്‍ അറസ്റ്റ് ഉണ്ടായേക്കും.

എംഎല്‍എ സ്ഥാനം രാജി വയ്ക്കുന്ന കാര്യത്തില്‍ സിപിഎം തീരുമാനം ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതിനുമുമ്പ് അറസ്റ്റ് ഉണ്ടായേക്കുമോ എന്ന് ആശങ്കയുമുണ്ട്. അതിനിടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുകേഷ് പ്രതികരിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. നിയമ വിദഗ്ധരുമായി ആലോചിച്ചശേഷം പ്രതികരിക്കുന്ന കാര്യം മുകേഷ് സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

മുകേഷിനെ സഹായിക്കുന്ന തരത്തിലോ ന്യായീകരിക്കുന്ന തരത്തിലോ ഒരു ഇടപെടലും ഉണ്ടാവരുതെന്ന് പാര്‍ട്ടി നേതൃത്വം നിലപാടെടുത്തിരുന്നു. പ്രത്യേകിച്ചും ബിജെപിയും യുഡിഎഫും മുകേഷിനെതിരെ ശക്തമായി രംഗത്തുവന്ന സ്ഥിതിക്ക്. നടിയുടെ വെളിപ്പെടുത്തല്‍ വരുന്നതിനു മുന്‍പ് തന്നെ മുകേഷിനെതിരെ സിപിഎമ്മില്‍ അമര്‍ഷം ശക്തമായിരുന്നു.

2016 ലെ തിരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചാണ് മുകേഷ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എം.കെ പ്രേമചന്ദ്രനെതിരെ മത്സരിച്ചെങ്കിലും കനത്ത പരാജയം ഏറ്റു വാങ്ങേണ്ടി വന്നു.

മുകേഷിന്റെ മുന്‍ ഭാര്യ സരിതയുടെ അഭിമുഖത്തില്‍ ഗര്‍ഭിണിയായിരിക്കുന്ന വേളയില്‍പ്പോലും അദേഹത്തില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നിരുന്ന ക്രൂര പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. പീഡനങ്ങള്‍ എല്ലാം അവര്‍ എണ്ണിയെണ്ണി പറഞ്ഞിരുന്നു. മുകേഷിന്റെ അച്ഛന്‍ ഒ. മാധവന്‍ പറഞ്ഞതു കൊണ്ടാണ് പൊലീസില്‍ പരാതിപ്പെടാതിരുന്നതെന്നും സരിത പറയുന്നുണ്ട്. ഇതും സോഷ്യല്‍ മീഡിയയില്‍ മുകേഷിനെതിരെ എതിരാളികള്‍ ആയുധമാക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.