വത്തിക്കാന്‍ സിറ്റി: തന്റെ ആത്മീയ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനത്തിന് ഒരുങ്ങുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. സെപ്റ്റംബര്‍ രണ്ട് മുതല്‍ 13 വരെയുള്ള 12 ദിവസങ്ങളില്‍ ഇന്തോനേഷ്യ, ഈസ്റ്റ് ടിമോര്‍, പാപ്പുവ ന്യൂഗിനിയ, സിംഗപ്പുര്‍ എന്നീ നാലു രാജ്യങ്ങളാണ് മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്.
ഏഴ് വിമാനങ്ങളിലായി 20,000 മൈലുകളാണ് (32,000 കിലോമീറ്ററിലധികം) മാര്‍പാപ്പ സഞ്ചരിക്കുന്നത്. 43 മണിക്കൂറാണ് വിമാനത്തില്‍ അദ്ദേഹം യാത്ര ചെയ്യുക. പാപ്പയുടെ ആരോഗ്യം വിലയിരുത്തിയാല്‍ ഇത് സാഹസിക യാത്ര തന്നെയാണ്. എന്നാല്‍ ദൈവീക ദൗത്യത്തിനായുള്ള യാത്രയിലെ വെല്ലുവിളികള്‍ പാപ്പയെ അലട്ടുന്നില്ല. സമീപകാലത്തായി പരിശുദ്ധ പിതാവ് ആരോഗ്യ പ്രശ്‌നങ്ങളാല്‍ വലയുകയാണെന്നും ആഗോള കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നിന്ന് ഒഴിയുമെന്നുമുള്ള മാധ്യമങ്ങളുടെ ഊഹാപോഹങ്ങള്‍ക്കുള്ള ശക്തമായ മറുപടി കൂടിയാണ് ഈ യാത്ര.
ഫ്രാന്‍സിസ് പാപ്പയുടെ 45-ാമത് വിദേശ അപ്പസ്‌തോലിക പര്യടനം കൂടിയാണിത്. യാത്ര ആദ്യം 2020-ല്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും കോവിഡ് മഹാമാരി കാരണം മാറ്റിവയ്ക്കുകയായിരുന്നു. തന്റെ 88-ാം ജന്മദിനത്തിന് മൂന്ന് മാസം മുന്‍പാണ് ഇപ്പോഴുള്ള യാത്രയ്ക്ക് മാര്‍പാപ്പ തയാറെടുക്കുന്നത്.
പാപ്പായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യപരിപാടികള്‍ വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ മേധാവി മത്തേയൊ ബ്രൂണി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയിരുന്നു. ഈ യാത്രയില്‍ നാല് രാജ്യങ്ങളിലായി 16 പ്രഭാഷണങ്ങളും എണ്ണമറ്റ യോഗങ്ങളും ചടങ്ങുകളുമാണ് പാപ്പയെ കാത്തിരിക്കുന്നത്.
സെപ്റ്റംബര്‍ രണ്ടിന്, ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലേക്കാണ് പാപ്പ ആദ്യമെത്തുന്നത്. റോമില്‍ നിന്ന് ജക്കാര്‍ത്തയിലെത്താന്‍ 11,354 കിലോമീറ്റര്‍ സഞ്ചരിക്കണം. വിമാനയാത്രയുടെ ദൈര്‍ഘ്യം 13 മണിക്കൂര്‍ 15 മിനിറ്റ്. റോമിലെ ഫിയുമിസിനോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുന്ന വിമാനം മിഡില്‍ ഈസ്റ്റിനും ഇന്ത്യയ്ക്കും മുകളിലൂടെ സഞ്ചരിച്ചാണ് ജക്കാര്‍ത്ത സോകര്‍ണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 3.1 ശതമാനം മാത്രമാണ് കത്തോലിക്ക വിശ്വാസികള്‍.
ആറ് മുതല്‍ ഒമ്പതു വരെയുള്ള തീയതികളില്‍ പാപ്പുവ ന്യൂഗിനിയയില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തും. ഇവിടുത്തെ ജനസംഖ്യയില്‍ 32 ശതമാനവും കത്തോലിക്കരാണ്. രാജ്യത്തെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ അധ്യക്ഷന്‍ മലയാളിയായ ബിഷപ്പ് സിബി മാത്യു പീടികയിലാണ്.
സെപ്റ്റംബര്‍ 9 മുതല്‍ 11 വരെ മാര്‍പാപ്പ കിഴക്കന്‍ ടിമോറിലായിരിക്കും സന്ദര്‍ശനം നടത്തുക. പത്തു ലക്ഷത്തോളം കത്തോലിക്കരാണ് രാജ്യത്തുള്ളത്. ഇത് ജനസംഖ്യയുടെ 96 ശതമാനമാണ്. പതിനൊന്നാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പ അന്ന് സിംഗപ്പൂരിലേക്കു പോകും. സിംഗപ്പൂരിലെ ആകെ ജനസംഖ്യയുടെ മൂന്നു ശതമാനം അഥവാ 3,95,000 വരുന്ന കത്തോലിക്കരാണ് രാജ്യത്തുള്ളത്. 13-ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലേക്കു മടങ്ങുന്ന വിധത്തിലാണ് ക്രമീകരണമെന്ന് വത്തിക്കാന്‍ അറിയിച്ചു.
സഹായവുമായി ഓസ്‌ട്രേലിയന്‍ സൈന്യവും
പാപ്പുവ ന്യൂഗിനിയയിലെ വിദൂര മേഖലയായ വാനിമോയിലേക്ക് മാര്‍പാപ്പയ്ക്ക് പോകാന്‍ ഓസ്ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്സിന്റെ (എഡിഎഫ്) സഹായം തേടിയിരിക്കുകയാണ് പാപ്പുവ ന്യൂഗിനിയന്‍ സര്‍ക്കാര്‍.
'സഹായത്തിനായുള്ള ഞങ്ങളുടെ അഭ്യര്‍ത്ഥന ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ സ്നേഹപൂര്‍വം സ്വീകരിച്ചു, മാര്‍പ്പാപ്പയെ വാനിമോയിലേക്കും പോര്‍ട്ട് മോറെസ്ബിയിലേക്കു തിരിച്ചും കൊണ്ടുവരാന്‍ എഡിഎഫ് കാരിയര്‍ നല്‍കുമെന്ന് പിഎന്‍ജി വിദേശകാര്യ മന്ത്രി ജസ്റ്റിന്‍ തകാച്ചന്‍കോ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അവസാനം കാന്‍ബറയും പോര്‍ട്ട് മോറെസ്ബിയും തമ്മിലുണ്ടാക്കിയ പ്രതിരോധ സഹകരണ ഉടമ്പടിയുടെ ഭാഗമായാണ് എഡിഎഫ് കാരിയര്‍ അയയ്ക്കാനുള്ള തീരുമാനം.
സെപ്റ്റംബര്‍ എട്ടിനാണ് മാര്‍പാപ്പ വാനിമോയിലേക്കു പോകുന്നത്. അവിടെ ബാരോ പട്ടണത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പ്രാദേശിക മിഷനറിമാരെ കാണുകയും സ്‌കൂള്‍ കുട്ടികളുടെ പ്രകടനത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.