തിരുവനന്തപുരം: പക്ഷിപനി ബാധിത മേഖലകളില്‍ ഡിസംബര്‍ 31 വരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളില്‍ തുടര്‍ച്ചയായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഉത്തരവ്. ആലപ്പുഴ ജില്ലയില്‍ മുഴുവനായി നിയന്ത്രണമുണ്ട്. വൈറസ് വ്യാപനം തടയുകയാണ് വിജ്ഞാപനത്തിലൂടെ ലക്ഷ്യമിടുന്നത്.
രോഗം ആവര്‍ത്തിക്കുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശവും സംസ്ഥാന സമിതിയുടെ കണ്ടെത്തലും കണക്കിലെടുത്താണ് വിജ്ഞാപനം ഇറക്കിയത്. നിയന്ത്രണ മേഖലയിലേക്ക് പക്ഷികളെയും (കോഴി, താറാവ്, കാട) കുഞ്ഞുങ്ങളെയും കൊണ്ടുവരാനോ കൊണ്ടുപോകാനോ പാടില്ല. നിലവില്‍ ഈ പ്രദേശങ്ങളിലെ ഹാച്ചറികളിലുള്ള മുട്ടകള്‍ ശാസ്ത്രീയമായി നശിപ്പിക്കണം. അതിന് മുട്ടയൊന്നിന് (കോഴി, താറാവ്) അഞ്ച് രൂപ നഷ്ടപരിഹാരം നല്‍കും.
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഹാച്ചറികളില്‍ മുട്ട വിരിയിക്കാനും പാടില്ല. വിജ്ഞാപന തിയതിക്ക് ശേഷം മുട്ട വിരിയിക്കാന്‍ വെച്ചിട്ടുണ്ടെങ്കില്‍ അവ നശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ അതിന് നഷ്ടപരിഹാരമുണ്ടാകില്ല. ഇപ്പോള്‍ പക്ഷികളില്ലാത്ത ഹാച്ചറികള്‍ ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ അടച്ചിടണം. ഏപ്രില്‍ പകുതിക്ക് ശേഷം 38 കേന്ദ്രങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് കേന്ദ്ര സംഘമെത്തി സ്ഥിതി വിലയിരുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരും വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത മേഖലയെന്നും 10 കിലോമീറ്റര്‍ നിരീക്ഷണ മേഖല എന്നുമാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 38 പ്രഭവ കേന്ദ്രങ്ങളുണ്ട്. ആലപ്പുഴ ജില്ല മൊത്തമായി ഇതിലുള്‍പ്പെടും. കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകള്‍, പത്തനംതിട്ടയിലെ തിരുവല്ല താലൂക്ക്, പള്ളിക്കല്‍, തുമ്പമണ്‍ പഞ്ചായത്തുകള്‍, പന്തളം നഗരസഭ, അടൂര്‍ താലൂക്ക്, ആറന്മുള, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശേരി, മെഴുവേലി, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകള്‍, എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, ഉദയംപേരൂര്‍, എടയ്ക്കാട്ടുവയല്‍, ചെല്ലാനം പഞ്ചായത്തുകള്‍ എന്നിവ നിരീക്ഷണ മേഖലകളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.