കൊച്ചി: കപ്പ മലയാളികളുടെ ഇഷ്ട ഭക്ഷണമാണ്... കപ്പയും ഒരിത്തിരി മീന്‍ കറിയുമുണ്ടെങ്കില്‍ കുശാല്‍... ഇനി കപ്പയും കാന്തരിയുമാണെങ്കിലോ?.. അത് വേറൊരു ലെവലാണ്.
രുചിയിലെന്ന പോലെ കാഴ്ചയിലും സുന്ദരനായി തീന്‍ മേശയിലെത്തുന്ന കപ്പ വിഭവങ്ങള്‍ കണ്ടും കഴിച്ചും മാത്രമേ പുതു തലമുറയ്ക്ക് പരിചയമുള്ളൂ. എന്നാല്‍ പഴയ തലമുറയില്‍ പെട്ടവര്‍ക്ക് കപ്പയും കപ്പ വാട്ടുമെല്ലാം അവരുടെ ദൈനംദിന ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്... ഇപ്പോള്‍ പലര്‍ക്കും അത് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളാണ്.
ആ ഓര്‍മകള്‍ക്കെല്ലാം നേരെ പിടിക്കുന്ന കണ്ണാടിയാണ് റെജിസ് ആന്റണിയുടെ സംവിധാനത്തില്‍ ഉടന്‍ റിലീസിങിനൊരുങ്ങുന്ന 'സ്വര്‍ഗം' എന്ന സിനിമയിലെ 'മീനച്ചിലാറിന്റെ തീരം മാമലയോരം' എന്ന് തുടങ്ങുന്ന കപ്പപ്പാട്ട്.
കപ്പ വാട്ടിന്റെ പാരമ്പര്യ രീതികളും ദൃശ്യ മനോഹാരിതയും ഒട്ടും ചോരാതെ ആ ഗാന രംഗത്തിന്റെ ചിത്രീകരണം പൂര്‍ണതയിലെത്തിക്കാന്‍ സംവിധായകനും അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു.
ആ പഴയകാല ഓര്‍മകളെ തൊട്ടുണര്‍ത്തുന്ന 'കപ്പ നീ പറിക്ക്... കപ്പ നീ പൊളിക്ക്... കപ്പ നീ അരിയ്'... എന്ന ഹരി നാരായണന്റെ രചനാ ചാതുരിയും അതിനൊത്ത് ബിജിബാലിന്റെ സംഗീതവും ഇഴ ചേര്‍ന്നപ്പോള്‍ നമ്മുടെ നാട്ടില്‍ സാധാരണയായി നടന്നു വരുന്ന ഒരു കപ്പ വാട്ട് അതിമനോഹരമായ ആസ്വാദക അനുഭവമായി മാറി.
കൃത്യമായി ഫലിച്ച ഈ 'സങ്കലന രസതന്ത്ര'വും ദൃശ്യാവിഷ്‌കാരവുമാണ് കപ്പപ്പാട്ടിനെ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഹിറ്റാക്കി മാറ്റിയത്. ഇന്‍സ്റ്റാഗ്രാം അടക്കമുള്ള പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇതുവരെ രണ്ട് ലക്ഷത്തിലധികം പേരാണ് ഈ പാട്ട് ആസ്വദിച്ചത്.
കപ്പപ്പാട്ട് കേട്ടപ്പോഴാണ് ആഴ്ചയില്‍ ഒരിക്കലെങ്കിലും മുടങ്ങാതെ കഴിക്കുന്ന കപ്പയുടെ ചരിത്രമൊന്ന് മനസിലാക്കാം എന്ന് തീരുമാനിച്ചത്. ചരിത്രത്തിന്റെ ഏടുകള്‍ പരിശോധിച്ചപ്പോള്‍ മരച്ചീനിയെന്നും കൊള്ളിയെന്നും ചിലയിടങ്ങളില്‍ പൂളക്കിഴങ്ങ് എന്നുമൊക്കെ അറിയപ്പെടുന്ന നമ്മുടെ കപ്പ അതിന്റെ പാരമ്പര്യത്തിലും ചില്ലറക്കാരനല്ലെന്ന് ബോധ്യപ്പെട്ടു.
യൂഫോര്‍ബിയേസീ എന്ന സസ്യ കുടുംബത്തിലെ അംഗമായ കപ്പയുടെ ശാസ്ത്രീയ നാമം മാനിഹോട്ട് എസ്‌കുലാന്റാ (Manihot Esculanta) എന്നാണ്. കപ്പ എന്ന സസ്യത്തിന്റെ വേരാണ് കിഴങ്ങായി മാറുന്നത്. ഇംഗ്ലീഷില്‍ ഇതിനെ Cassava എന്ന് പറയുന്നു. എങ്കിലും കപ്പയുടെ പൊടിയ്ക്ക് പറയുന്ന tapioca എന്ന പേരാണ് കേരളത്തില്‍ പ്രചാരം നേടിയത്.
ബ്രസീലാണ് മരച്ചീനിയുടെ ജന്മ ദേശം. അവിടെയാണ് ഏറ്റവുമധികം ഇനം കപ്പകളും കാട്ടുകപ്പയും കാണപ്പെടുന്നത്. പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ് ഏഷ്യ ഭൂഖണ്ഡത്തില്‍ കപ്പകൃഷി തുടങ്ങിയത്. 1740 ല്‍ മൗറീഷ്യസില്‍ മരച്ചീനി കൃഷി ചെയ്തിരുന്നതായി കാണുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടായപ്പോഴേക്കും ഇന്ത്യ, ചൈനാ, ശ്രീലങ്ക, മലേഷ്യ, തായ്വാന്‍, തായ്‌ലന്‍സ്, ഫിലിപ്പീന്‍സ്, ജാവാ, എന്നിവിടങ്ങളില്‍ ഈ കൃഷി വ്യാപകമായി. മൂന്ന് നൂറ്റാണ്ടുകളായി ഇന്ത്യയില്‍ മരച്ചീനി കൃഷി ചെയ്തു വരുന്നു.
തങ്ങളുടെ കോളനിയായിരുന്ന ബ്രസീലില്‍ നിന്നും പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ തന്നെയാണ് ഇന്ത്യയിലും മരച്ചീനി കൃഷി എത്തിച്ചത്. കേരളത്തില്‍ മലബാറിലായിരുന്നു പോര്‍ച്ചുഗീസുകാരുടെ മേല്‍നോട്ടത്തില്‍ ആദ്യം മരച്ചീനി കൃഷി പ്രചരിച്ചിരുന്നത്.
കേരളത്തില്‍ കൃഷി ചെയ്തു വരുന്ന കിഴങ്ങ് വിളകളില്‍ സ്ഥല വിസ്തൃതിയിലും ഉല്‍പാദനത്തിലും ഒന്നാം സ്ഥാനമാണ് കപ്പയ്ക്കുള്ളത്. ദേശീയ ഉല്‍പാദനത്തില്‍ 54 ശതമാനം വരെയെത്തിയ കേരളത്തിന്റെ സംഭാവന ഇപ്പോള്‍ അല്‍പം പിന്നാക്കം പോയി.
ഭക്ഷ്യ വിഭവമെന്ന നിലയില്‍ മരച്ചീനിയുടെ സാധ്യത മനസിലാക്കിയ വിശാഖം തിരുനാള്‍ മഹാ രാജാവാണ് തിരുവിതാംകൂര്‍ പ്രദേശത്ത് ഇത് ജനകീയമാക്കാന്‍ മുന്‍കൈ എടുത്തത്.
മലയ തുടങ്ങിയ ദേശങ്ങളില്‍ നിന്നും പുതിയ ഇനം മരച്ചീനികള്‍ മഹാരാജാവ് കേരളീയര്‍ക്ക് പരിചയപ്പെടുത്തി. രണ്ടാം ലോകമഹാ യുദ്ധ നാളുകളിലെ ക്ഷാമ കാലത്ത് (1939-45) ബര്‍മയില്‍ നിന്നും അരി ഇറക്കുമതി നിലച്ചപ്പോള്‍ തിരുവിതാംകൂറില്‍ പ്രധാന ഭക്ഷ്യ വിഭവം കപ്പ ആയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.