എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ട് സംസാരിച്ചത് അതിര്‍ത്തി തര്‍ക്കമാണോ? തൃശൂരില്‍ നടന്നത് പൊളിറ്റിക്കല്‍ മിഷനെന്ന് വി.ഡി സതീശന്‍

എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ട് സംസാരിച്ചത് അതിര്‍ത്തി തര്‍ക്കമാണോ? തൃശൂരില്‍ നടന്നത് പൊളിറ്റിക്കല്‍ മിഷനെന്ന് വി.ഡി സതീശന്‍

പത്തനംതിട്ട: തൃശൂര്‍ പൂരം കലക്കാനാണ് എഡിജിപി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൂരം കലക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് താന്‍ പറഞ്ഞിട്ടില്ല. തൃശൂര്‍ പൂരം കലക്കാനല്ല എഡിജിപിയും ആര്‍എസ്എസ് നേതാവും തമ്മില്‍ കൂടി കണ്ടത്. ബിജെപിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് കേരളത്തില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക എന്നത്. അതിനുള്ള കളമൊരുക്കലാണ് തൃശൂര് നടന്നതെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി.

അതിന് എഡിജിപി എന്ന ഉദ്യോഗസ്ഥന്‍ വഴി മുഖ്യമന്ത്രി നല്‍കിയ ഉറപ്പാണ്, അതിന് ഞങ്ങള്‍ സഹായിക്കാം പകരം കേസും പ്രശ്നവുമായിട്ട് ഞങ്ങളെ ഉപദ്രവിക്കരുത് എന്നത്. അതിന്റെ തുടര്‍ച്ചയാണ് പൂരം കലക്കിയത്. സര്‍ക്കാരും സിപിഎമ്മും പറഞ്ഞത് തൃശൂര്‍ കമ്മീഷണര്‍ അഴിഞ്ഞാടി കുഴപ്പമുണ്ടാക്കി. അതുകൊണ്ട് കമ്മീഷണറെ സ്ഥലംമാറ്റി എന്നാണ്.

എന്നാല്‍ കമ്മീഷണര്‍ അഴിഞ്ഞാടുമ്പോള്‍ പൊലീസ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ എഡിജിപി എം.ആര്‍ അജിത് കുമാര്‍ തൃശൂരിലുണ്ടായിരുന്നു. ഇത്രയും കുഴപ്പമുണ്ടായപ്പോള്‍ അദേഹം അവിടെ പോകേണ്ടതല്ലേ? അല്ലെങ്കില്‍ ഫോണ്‍ വിളിച്ചെങ്കിലും എന്താടോ താന്‍ അവിടെ കാണിക്കുനത് എന്നെങ്കിലും ചോദിക്കേണ്ടതല്ലേ? അതൊന്നും ചെയ്തില്ല. പൂരം കലക്കുകയെന്നത് സിപിഎമ്മിന്റെയും ബിജെപിയുടേയും പ്ലാന്‍ ആയിരുന്നു. അത് പൊലീസ് വഴി നടപ്പാക്കുകയാണ് ചെയ്തതെന്ന് വി. ഡി സതീശന്‍ കുറ്റപ്പെടുത്തി.

വിശ്വാസം, ആചാരം, ഹിന്ദു എന്നെല്ലാം പറയുന്ന ബിജെപിയാണ് പൂരം കലക്കാന്‍ കൂട്ടു നിന്നത്. ആളുകളെ കബളിപ്പിക്കുകയാണ് ഇവര്‍. എന്നിട്ട് ബിജെപിക്കാര്‍ ഇപ്പോള്‍ നമുക്ക് ക്ലാസെടുക്കുകയാണ്. ഇവരുടെയൊക്കെ തനിനിറമാണ് പുറത്തു വന്നത്. മുഖ്യമന്ത്രി ഇതിനുമുമ്പും കേസുകളില്‍ നിന്നും രക്ഷപ്പെടാനായി ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ചിട്ടുണ്ട്.

മുമ്പുണ്ടായിരുന്ന ഒരു ഡിജിപിയെ ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നതാണ്. സിപിഎം നേതാക്കളെ ഇതിനായി വിടാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാണ് മുഖ്യമന്ത്രി ഏറ്റവും വിശ്വസ്തനായ എഡിജിപിയെ അയച്ചത്. ഒരു വാദത്തിനു വേണ്ടി മുഖ്യമന്ത്രി അറിയാതെയാണ് എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടതെന്ന് സമ്മതിച്ചാല്‍ പോലും, പിറ്റേന്ന് രാവിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വഴി മുഖ്യമന്ത്രി അറിഞ്ഞല്ലോ. അതിന് വിശദീകരണം ചോദിച്ചോ. ഡിജിപിക്കും എഡിജിപിക്കും തോന്നിയ പോലെ ആരെയും പോയി കാണാന്‍ പറ്റുമോ? എഡിജിപി അന്ന് ഡ്യൂട്ടിയില്‍ ആയിരുന്നോ? ലീവെടുത്ത് പോയതാണോ എന്നെല്ലാം അന്വേഷിക്കേണ്ടതല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായിട്ടാണെങ്കില്‍ എന്തിനാണ് എഡിജിപി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണുന്നത്. ഒരു മണിക്കൂറോളമാണ് സംസാരിച്ചത്. വീട്ടുകാര്യം വല്ലതുമാണോയെന്നും അതിര്‍ത്തി തര്‍ക്കം വല്ലതും അവര്‍ തമ്മിലുണ്ടോയെന്നും അദേഹം ചോദിച്ചു. ഇത് പൊളിറ്റിക്കല്‍ മിഷനാണ്. അതാണ് പുറത്തു വന്നതെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.