വീണ്ടും സംഘർഷഭരിതമായി മണിപ്പൂർ; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് രണ്ട് പേർ

വീണ്ടും സംഘർഷഭരിതമായി മണിപ്പൂർ; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് രണ്ട് പേർ

ഇംഫാൽ: വംശീയ കലാപത്തിന്‍റെ മുറിവുകളുണങ്ങാത്ത മണിപ്പൂരിൽ ഒരിടവേളക്ക് ശേഷം സംഘർഷം വീണ്ടും വ്യാപിക്കുന്നു. ഇന്നലെ ഒരു വിമുക്ത സൈനികനും സ്ത്രീയും സംഘർഷങ്ങളിൽ കൊല്ലപ്പെട്ടു. ഇരുവരും കുക്കി വിഭാഗക്കാരാണ്.

കാങ്പോക്പി ജില്ലയിലെ മോട്ബങ് സ്വദേശിയായ വിമുക്തി ഭടൻ ലാൽബോയ് മേറ്റിന്റെ മൃതദേഹമാണ് രക്തത്തിൽ കുളിച്ച നിലയിൽ സെക്മായ് പ്രദേശത്ത് തിങ്കളാഴ്ച കണ്ടെത്തിയത്. അസം റെജിമെന്റിൽ ഹവിൽദാറായിരുന്ന ഇദേഹം ഞായറാഴ്ച രാത്രി കാറിൽ കുക്കി - മെയ്തേയി സംഘർഷ ബാധിത പ്രദേശത്ത് എത്തിയതായിരുന്നു.

നെയ്ജാഹോയ് ലുങ്ദിം എന്നാണ് കാങ്പോക്പി ജില്ലയിൽ കൊല്ലപ്പെട്ട സ്ത്രീയുടെ പേര്. താങ്ബു ഗ്രാമത്തിലെ ക്രിസ്ത്യൻ പള്ളിക്ക് മുന്നിലാണ് ബോംബ് സ്ഫോടനത്തിലേറ്റ മുറിവുകളോടെ ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മണിപ്പൂരിൽ തുടരുന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാർഥികൾ തിങ്കളാഴ്ച തെരുവിലിറങ്ങി.
വിദ്യാർഥി പ്രതിഷേധത്തിൽ 50 പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർ രാജ്ഭവന്റെ കവാടത്തിന് നേരെ കല്ലെറിഞ്ഞതിനാൽ രാജ്ഭവനിൽ സുരക്ഷ ശക്തമാക്കി. തൗബാലിൽ ജില്ലാ ആസ്ഥാനത്തെ ദേശീയ പതാക അഴിച്ചുമാറ്റി മെയ്തെയ് പതാക കെട്ടി.

സമരം ചെയ്യുന്ന വിദ്യാർഥികളുമായി മുഖ്യമന്ത്രി ബിരേൻ സിങ് കൂടിക്കാഴ്ച നടത്തി. ഇതിനിടെ, സുഗ്ണു മേഖലയിലും വെടിവെപ്പ് ഉണ്ടായി. സംഘർഷം നേരിടാൻ സുരക്ഷാ സേനകളുടെ സംയുക്ത നീക്കം വേണമെന്ന് മുഖ്യമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മണിപ്പൂർ പ്രധാനമന്ത്രി സന്ദർശിക്കണമെന്ന ആവശ്യം വീണ്ടും ഉയരുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.