കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അജ്മലിനെതിരെ മനപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തി. അജ്മലും ഡോക്ടറായ യുവതിയും മദ്യപിച്ചിരുന്നതായി തെളിഞ്ഞതായി പൊലീസ് അറിയിച്ചു.
കാറില്‍ അജ്മലിനൊപ്പം യാത്ര ചെയ്ത വനിത ഡോക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് ഇരുവരും മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ട് വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാമ്പിള്‍ പൊലീസ് ശേഖരിച്ചു. അജ്മലിനെതിരെ ലഹരി വസ്തു വിറ്റതിന് നേരെത്തെയും കേസുണ്ട്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ക്യാഷ്യലിറ്റിയില്‍ വച്ചാണ് യുവ ഡോക്ടറെ അജ്മല്‍ പരിചയപ്പെടുന്നത്. തന്റെ സ്വര്‍ണാഭരങ്ങള്‍ ഉള്‍പ്പെടെ അജ്മല്‍ കൈവശപ്പെടുത്തിയെന്ന് ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. കാറോടിച്ച കരുനാഗപ്പള്ളി സ്വദേശിയായ അജ്മലിനെ ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്.
ഇന്നലെ വൈകീട്ട് 5.45നായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അജ്മല്‍ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ ആണ് മരിച്ചത്. റോഡില്‍ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. കുഞ്ഞുമോള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഓടിച്ച ബന്ധു ഫൗസിയയും പരിക്കുകളോടെ ചികിത്സയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.