തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതലയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അദേഹം ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും വി.ഡി മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സതീശന്‍ ആവശ്യപ്പെട്ടു.
വിവാദങ്ങളിലും ആരോപണങ്ങളിലും മുഖ്യമന്ത്രി മൗനം വെടിഞ്ഞു. ഇതിനു മാധ്യമ പ്രവര്‍ത്തകര്‍ നന്ദി പറയേണ്ടത് പ്രതിപക്ഷത്തോടാണ്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ ആദ്യ 58 മിനിറ്റും സംസാരിച്ചത് മാധ്യമങ്ങള്‍ക്കെതിരെയാണ്.
വ്യാജ വാര്‍ത്തക്കെതിരെ ആദ്യം കേസ് എടുക്കേണ്ടത് ദേശാഭിമാനിക്കെതിരെയാണ്. യഥാര്‍ഥ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടി നല്‍കിയില്ലെന്നും സതീശന്‍ പറഞ്ഞു.
തൃശൂര്‍ പൂരം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അഞ്ച് മാസം കഴിഞ്ഞിട്ടും ഒന്നും ഉണ്ടായില്ല. ഇതോടെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ പിണറായിക്ക് കഴിയില്ലെന്ന് വ്യക്തമായി. അതിനാല്‍ സ്ഥാനം ഒഴിയണം. വിവരാവകാശ രേഖകള്‍ സത്യം പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തെന്നും സതീശന്‍ പറഞ്ഞു.
പി.വി അന്‍വര്‍ എംഎല്‍എയെ മുഖ്യമന്ത്രി തള്ളിപറഞ്ഞതോടെ കാര്യങ്ങള്‍ വ്യക്തമായി. ഭരണകക്ഷി എംഎല്‍എയാണ് ആരോപണം ഉന്നയിക്കുന്നത്. വ്യാജ ആരോപണങ്ങളാണ് അന്‍വറിന്റെതെങ്കില്‍ അദേഹത്തിനെതിരെ നടപടിയെടുക്കുമോ?
അന്‍വറിന്റെ പകുതി ആരോപണങ്ങള്‍ അന്വേഷിക്കുകയും ബാക്കി തള്ളി പറയുകയും ചെയ്യുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ യാതൊരു അന്വേഷണവുമില്ലെന്നും സതീശന്‍ പറഞ്ഞു.
ആര്‍എസ്എസ് നേതാവിനെ കണ്ട ഉദ്യോഗസ്ഥനെതിരെ ചെറുവിരല്‍ അനക്കിയില്ല. മുഖ്യമന്ത്രിയുടെ ദൂതനായിട്ടല്ല പോയെതെങ്കില്‍ എഡിജിപിക്കെതിരെ എന്തുകൊണ്ട് നടപടിയില്ലെന്നും സതീശന്‍ ചോദിച്ചു. ആര്‍എസ്എസിന് സിപിഎം കൊടുത്ത പിന്തുണയുടെ തുടര്‍ച്ചയാണിത്.
പൂരം കലക്കാന്‍ മുഖ്യമന്ത്രിയും കൂട്ടു നിന്നു. അന്വേഷണം ശരിയായ നിലയില്‍ മുന്നോട്ടു പോയാല്‍ മുഖ്യമന്ത്രിയും പ്രതിയാകും. ബിജെപി നേതൃത്വത്തെ തിരഞ്ഞെടുപ്പില്‍ സഹായിച്ചു.
വയനാട് ദുരന്തത്തില്‍ ഇല്ലാത്ത കണക്ക് ഉണ്ടാക്കിയാണ് നല്‍കിയത്. ഉദ്യോഗസ്ഥര്‍ എഴുതി നല്‍കുന്നത് അതേ പോലെ ഒപ്പിട്ട് നല്‍കുകയാണ് മുഖ്യമന്ത്രിയെന്നുംപ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ഇന്നത്തെ മറുപടി പ്രതിപക്ഷത്തിന് അല്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ എതിരാളികള്‍ക്കാണെന്നും സതീശന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.