ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് ഇന്ത്യ 31 എം.ക്യു-9ബി പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നു. ക്വാഡ് ഉച്ചകോടിക്കായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
കൊല്‍ക്കത്തയില്‍ സെമി കണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കുന്നതും സംയുക്ത സൈനികാഭ്യാസം ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തവും ചര്‍ച്ചയായി.
16 ആകാശ നിരീക്ഷണ ഡ്രോണുകളും 15 കടല്‍ നിരീക്ഷണ ഡ്രോണുകളും ഉള്‍പ്പെടെ 31 ജനറല്‍ അറ്റോമിക്സ് എം.ക്യു-9ബി ഡ്രോണുകളാണ് ഇന്ത്യ യു.എസില്‍ നിന്ന് വാങ്ങുന്നത്.
കടല്‍ നിരീക്ഷണ ഡ്രോണുകള്‍ നാവിക സേനയ്ക്കും ആകാശ നിരീക്ഷണ ഡ്രോണുകളില്‍ എട്ടെണ്ണം വീതം വ്യോമസേനയ്ക്കും സായുധ സേനയ്ക്കുമായി നല്‍കും.
ഇന്ത്യന്‍ സായുധ സേനയുടെ ഇന്റലിജന്‍സ്, നിരീക്ഷണം, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ മികച്ചതാക്കാന്‍ ഈ ഡ്രോണുകള്‍ സഹായിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
3.99 ബില്യണ്‍ ഡോളറിന്റെ എസ്റ്റിമേറ്റഡ് വിലയില്‍ ഡ്രോണുകള്‍ വില്‍ക്കുന്നതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയിരുന്നു.
പൂര്‍ണ നിശബ്ദതയിലും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ് എം.ക്യു-9ബി പ്രിഡേറ്റര്‍ ഡ്രോണുകളുടെ ഏറ്റവും വലിയ സവിശേഷത. ടാര്‍ഗറ്റിന് കണ്ടുപിടിക്കാന്‍ കഴിയാത്ത വിധം ഭൂമിയോട് ചേര്‍ന്ന് 250 മീറ്റര്‍ ഉയരത്തില്‍ വരെ പറക്കാന്‍ ഇതിന് സാധിക്കുന്നു.
ഒരു കൊമേഴ്ഷ്യല്‍ വിമാനത്തിന് പറക്കാനാവുന്നതിലും ഉയരത്തില്‍ ഭൂമിയില്‍ നിന്ന് 50,000 മീറ്റര്‍ ഉയരത്തില്‍ വരെ ഈ ഡ്രോണിന് പറക്കാനാവും. മണിക്കൂറില്‍ 442 കിലോ മീറ്ററാണ് ഡ്രോണിന്റെ ഏറ്റവും ഉയര്‍ന്ന വേഗത.
ഏത് കാലാവസ്ഥയിലും ദൈര്‍ഘ്യമേറിയ ദൗത്യങ്ങളില്‍ ഇത് വിന്യസിക്കാനാകുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. എയര്‍ ടു എയര്‍ മിസൈലുകള്‍ കൂടാതെ, എയര്‍ ടു ഗ്രൗണ്ട് മിസൈലുകളും ഡ്രോണില്‍ സജ്ജീകരിക്കാനാകും.
നാല് മിസൈലുകളും 450 കിലോ ബോംബുകളും ഉള്‍പ്പെടെ 1,700 കിലോ വരെ ലോഡ് വഹിക്കാനും ഇന്ധനം നിറയ്ക്കാതെ 2,000 മൈല്‍ സഞ്ചരിക്കാനും കഴിയും.
35 മണിക്കൂര്‍ വരെ ഡ്രോണിന് തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുമെന്നും നിര്‍മ്മാതാക്കളായ ജനറല്‍ ആറ്റോമിക്‌സ് എയറോനോട്ടിക്കല്‍ സിസ്റ്റംസ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.